ലൈംഗികാതിക്രമക്കേസിൽ പ്രജ്ജ്വല് രേവണ്ണയെ റിമാൻഡ് ചെയ്ത് കോടതി

0
94

ലൈംഗികാതിക്രമക്കേസിൽ ജെഡിഎസ് നേതാവ് പ്രജ്ജ്വല് രേവണ്ണയെ ജൂൺ 24 വരെ റിമാൻഡ് ചെയ്ത് കോടതി. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം (എസ്ഐടി) കസ്റ്റഡി അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് പ്രജ്വല് രേവണ്ണയെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായ ആരോപണങ്ങളുടെ ഗൗരവവും എസ്.ഐ.ടി. സമര്‍പ്പിച്ച തെളിവുകളും കണക്കിലെടുത്താണ് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

അശ്ലീലവീഡിയോകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യംവിട്ട പ്രജ്ജ്വല്‍ രേവണ്ണ മേയ് 31-ന് അര്‍ധരാത്രിയോടെയാണ് ജര്‍മനിയില്‍നിന്ന് ബെംഗളൂരുവില്‍ മടങ്ങിയെത്തിയത്. പിന്നാലെ പ്രത്യേക അന്വേഷണസംഘം പ്രജ്ജ്വലിനെ കസ്റ്റഡിയിലെടുക്കുകയും ജൂണ്‍ ഒന്നാം തീയതി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.

ജൂണ്‍ ആറാം തീയതിവരെയാണ് അന്ന് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നത്. തുടര്‍ന്ന് ജൂണ്‍ ആറിന് വീണ്ടും ഹാജരാക്കിയതിന് പിന്നാലെയാണ് പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ച് കസ്റ്റഡി കാലാവധി നീട്ടിനല്‍കിയിരുന്നു.

അശ്ലീലവീഡിയോയില്‍ ഉള്‍പ്പെട്ട സ്ത്രീകളാണ് പ്രജ്ജ്വലിനെതിരേ പീഡനപരാതി നല്‍കിയിരുന്നത്. ഇതിനുപിന്നാലെ പോലീസ് പ്രജ്ജ്വലിനെതിരേ കേസെടുക്കുകയും അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപവത്കരിക്കുകയുമായിരുന്നു.

അതേസമയം, പ്രജ്ജ്വല്‍ അശ്ലീലവീഡിയോകള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഒരുവര്‍ഷം മുമ്പ് ഈ ഫോണ്‍ നഷ്ടപ്പെട്ടതായി പ്രജ്ജ്വല്‍ ഹൊളെനരസിപുര പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസിലെ പ്രധാന തെളിവാകുന്ന മൊബൈല്‍ഫോണ്‍ പ്രജ്ജ്വല്‍ നശിപ്പിച്ചുകളഞ്ഞതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്.

ലൈംഗികപീഡനക്കേസില്‍ ഉള്‍പ്പെട്ട പ്രജ്ജ്വല്‍ രേവണ്ണയ്ക്ക് ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. ബി.ജെ.പി. സഖ്യത്തില്‍ ജെ.ഡി.എസ്. സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രജ്ജ്വല്‍ 42,000-ലേറെ വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. തങ്ങളുടെ കുത്തക മണ്ഡലമായിരുന്ന ഹാസനും ഇതോടെ ജെ.ഡി.എസിന് നഷ്ടമായി. ലൈംഗികാരോപണത്തിന് പിന്നാലെ പ്രജ്ജ്വലിനെ ജെ.ഡി.എസ്. പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.