പ്രമേയം പാസാക്കി; രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും

0
98

രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും. കോൺഗ്രസ് പ്രവർത്തക സമിതിയാണ് രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനുള്ള പ്രമേയം പാസാക്കിയത്. പാർലമെൻ്റിനകത്തും പുറത്തും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും പ്രവർത്തക സമിതി തീരുമാനിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. പ്രവർത്തകസമിതിയിലെ അംഗങ്ങൾ പ്രമേയം ഐക്യകണ്ഠേന പാസാക്കി. ഉത്തരേന്ത്യയിലടക്കം ബിജെപിയെ പ്രതിരോധിക്കാൻ രാഹുൽഗാന്ധി ആണ് ഏറ്റവും യോഗ്യനെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു.

ഭാരത് ജോഡോ യാത്ര കടന്നുപോയ മണിപ്പൂർ അടക്കം വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്ന് കോൺഗ്രസ് പ്രവർത്തകസമിതി വിലയിരുത്തി. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച ചില സംസ്ഥാനങ്ങളിലെ തോൽവികൾ പരിശോധിക്കും. പാർലമെന്റിന് അകത്തും പുറത്തും പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തി മുന്നോട്ടുപോകാനും പ്രവർത്തകസമിതി തീരുമാനിച്ചു.