തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; കേസെടുത്ത് പോലീസ്

0
127

തൃശൂർ ഡിസിസി ഓഫീസിൽ നടന്ന കൂട്ടത്തല്ലിൽ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡൻ്റ് ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തു. ജനറൽ സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസെടുത്തത്. ജോസ് വള്ളൂരാണ് കേസിലെ ഒന്നാം പ്രതി.

ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരും സംഘവും കയ്യേറ്റം ചെയ്തതായി പറയുന്ന ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറ തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി ചികിത്സയിലാണ്. മൂന്നുദിവസമായി ഡിസിസി ഓഫീസിന് മുന്നിൽ ഉണ്ടായ പോസ്റ്റർ പ്രതിഷേധങ്ങളാണ് സംഘർഷത്തിന്റെ കാരണം. പോസ്റ്ററുകൾ സജീവനാണെന്ന് ആരോപിച്ച് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

പിന്നാലെ ഡിസിസി ഓഫീസിൽ സജീവൻ കുത്തിയിരുന്നതോടെ കെ മുരളീധരൻ അനുകൂലിക്കുന്ന വിഭാഗം ഡിസിസിയിൽ എത്തി എതിർവിഭാഗത്തെ മർദ്ദിക്കുകയായിരുന്നു. കൂട്ട അടിയിൽ കലാസിച്ചതോടെ മുതിർന്ന നേതാക്കൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതാണ് ഡിസിസിയിൽ ചേരിപ്പോരിന് കളമൊരുക്കിയത്. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.