നേരത്തെ ടിക് ടോക്ക് നിരോധിക്കാൻ വൻ നീക്കങ്ങൾ നടത്തിയ മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ടിക് ടോക്കിൽ അക്കൗണ്ട് തുറന്നിരിക്കുന്നു. നിരോധിക്കാൻ ഉദ്ദേശിക്കുന്ന അതേ ആപ്പിൽ തന്നെ ട്രംപ് അക്കൗണ്ട് എടുക്കുന്നത് ലോകം ആകാംക്ഷയോടെയാണ് കാണുന്നത്. ട്രംപിൻ്റെ അടുത്ത നീക്കം എന്തായിരിക്കുമെന്നറിയാനുള്ള ആകാംക്ഷയും നിരവധി ഊഹാപോഹങ്ങളും പലയിടത്തുനിന്നും ഉയരുന്നുണ്ട്.
ചുരുങ്ങിയ സമയം കൊണ്ട് ട്രംപിന് ടിക്ക് ടോക്കിൽ ഒരു മില്യണിലധികം ഫോളോവേഴ്‌സ് ആയിക്കഴിഞ്ഞു. റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയായ ട്രംപ് യുവാക്കളെ കൈയിലെടുക്കാനാണ് ടിക്ക് ടോക്കിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ന്യൂ ജഴ്‌സിയിൽ അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ് പരിപാടിയിൽ വച്ച് അനുയായികളേയും ആരാധകരേയും കൈവീശിക്കാണിക്കുന്ന ഒരു ഹ്രസ്വ വിഡിയോയും ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. എതിർ സ്ഥാനാർത്ഥി ബൈഡനും ടിക്ക് ടോക്ക് പ്രചാരണങ്ങളിൽ സജീവമാകുന്ന പശ്ചാത്തലത്തിലാണ് വിട്ടുകൊടുക്കാതെ ട്രംപും ടിക്ക് ടോക്കറാകുന്നത്.
170 മില്യണിലധികം അമേരിക്കക്കാരാണ് നിലവിൽ ടിക്ക് ടോക്ക് ഉപയോഗിക്കുന്നത്. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന ബൈറ്റ് ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക്ക് ടോക്ക് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞാണ് പ്രസിഡന്റായിരുന്നപ്പോൾ ട്രംപ് ആപ്പ് നിരോധിക്കാൻ ശ്രമിച്ചത്. ടിക്ക് ടോക്ക് നിരോധിക്കാനുള്ള ട്രംപിന്റെ നീക്കങ്ങളെ 2020ൽ കോടതി തടയുകയായിരുന്നു.