എൻഡിഎ വിജയിച്ച സന്തോഷത്തിൽ വിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ച് ബിജെപി പ്രവർത്തകൻ

0
205

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ച സന്തോഷത്തിൽ ബിജെപി പ്രവർത്തകൻ സ്വന്തം വിരൽ മുറിച്ച് ക്ഷേത്രത്തിൽ സമർപ്പിച്ചു. ഛത്തീസ്ഗഡിലെ ബൽറാംപൂരിലാണ് സംഭവം. ബി.ജെ.പി പ്രവർത്തകനായ ദുർഗേഷ് പാണ്ഡെ (30) തൻ്റെ പ്രദേശത്തെ കാളി ക്ഷേത്രത്തിൽ വിരൽ അർപ്പിക്കുകയായിരുന്നു.

വോട്ടെണ്ണല്‍ ദിവസം ഇന്ത്യ മുന്നണി മുന്നിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തയറിഞ്ഞതോടെ ഇയാള്‍ കാളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. പിന്നീട് എന്‍ഡിഎ ഭൂരിപക്ഷം ഉയര്‍ത്തിയപ്പോള്‍ ഇയാള്‍ ആഹ്ളാദദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു.

ചോര നില്‍ക്കാതെ വന്നതോടെ തുണിയെടുത്ത് കൈയില്‍ ചുറ്റിയെങ്കിലും രക്തം നില്‍ക്കായതോടെ വീട്ടുകാര്‍ ഇയാളെ സമാരിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വലിയ പരിക്കാണ് കൈയ്ക്ക് പറ്റിയതെന്ന് മനസിലായതോടെ ഇയാളെ അംബികാപൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു.

മെഡിക്കൽ കോളജിലെ ഡോക്ടർമാർ രക്തസ്രാവം തടയാൻ ശസ്ത്രക്രിയ നടത്തി. ചികിത്സ വൈകിയതിനാൽ മുറിച്ചുകളഞ്ഞ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്കായില്ല. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.