സംസ്ഥാന സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു

0
73

സംസ്ഥാന സർക്കാരിൻ്റെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. വളരെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ചത്. ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുക്കുന്നത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം പാലിക്കപ്പെട്ടുവെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വിലയിരുത്താനുള്ള അവസരമാണ് ലഭിക്കുന്നത്. തുടർഭരണം ഉണ്ടായത് ജനങ്ങളുടെ ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങൾ:

ഡിജിറ്റൽ വർക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പ്രകാരം 1,08,242 പേർക്ക് തൊഴിൽ നൽകി.

ഇതുവരെ 5,300 സ്റ്റാർട്ടപ്പുകൾ ആരംഭിക്കുകയും അതിലൂടെ 55,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

മൂന്ന് ഐടി പാർക്കുകളിലുമായി ഈ സർക്കാരിന്റെ കാലയളവിൽ മാത്രം 30,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

21,311 സർക്കാർ സ്ഥാപനങ്ങളിൽ/ ഓഫീസുകളിൽ കെ-ഫോൺ കണക്ഷൻ ലഭ്യമാക്കി.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 5856 കുടുംബങ്ങൾക്ക് കെ-ഫോൺ സൗജന്യ കണക്ഷൻ.

മൂല്യവർദ്ധിത റബ്ബർ ഉല്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കേരള റബ്ബർ ലിമിറ്റഡ് സ്ഥാപിച്ചു.

പാലക്കാട് കിൻഫ്ര മെഗാഫുഡ് പാർക്കിലെ 5 ഏക്കർ ഭൂമിയിൽ ഇന്റഗ്രറ്റഡ് റൈസ് ടെക്‌നോളജി പാർക്കിന്റെ നിർമ്മാണം പുരോഗമിക്കുന്നു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി നടപ്പിലാക്കാൻ നിശ്ചയിച്ച 301 കർമ്മ പരിപാടികളിൽ 275 എണ്ണം പൂർത്തീകരിച്ചു.

തൊഴിലുറപ്പു പദ്ധതി വഴി 2023-24ൽ 16.61 ലക്ഷം പേർക്ക് തൊഴിൽ. 75 ദിവസം തൊഴിലെടുത്ത 7,38,130 കുടുംബങ്ങൾക്ക് ഫെസ്റ്റിവൽ അലവൻസായി 1,000 രൂപ വീതം നൽകി.

അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ഗുണഭോക്താക്കളിൽ 47.89% പേരെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കി

പട്ടികജാതി ഭൂരഹിത പുനരധിവാസ പദ്ധതി പ്രകാരം 10,663 പേർക്ക് ഭൂമി വാങ്ങുന്നതിന് ധനഹായം.

പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യങ്ങളായ ലംപ്‌സം ഗ്രാന്റ്, സ്‌റ്റൈപ്പന്റ്, പോക്കറ്റ് മണി എന്നിവ നിലവിലുള്ള നിരക്കിന്റെ 20% വർദ്ധിപ്പിച്ചു.

പട്ടികജാതി വിഭാഗക്കാരുടെ ഭവന നിർമ്മാണത്തിനായി 195 കോടി രൂപ ലൈഫ് മിഷന് കൈമാറി. 56,994 വീടുകൾ അനുവദിച്ചു.

ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ആദിവാസി കുടുംബങ്ങളുടെ 5,570 വീടുകൾ പൂർത്തീകരിച്ചു.

എൻഡോസൾഫാൻ ദുരിത ബാധിതരുടെ സമഗ്ര പുനരധിവാസത്തിനായി കാസർഗോഡ് ജില്ലയിൽ ആരംഭിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.

4,21,832 മുൻഗണന കാർഡുകൾ അർഹരായവർക്ക് തരംമാറ്റി വിതരണം നടത്തി. 4,48,692 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു.

റബ്ബറിന്റെ താങ്ങുവില 2024 ഏപ്രിൽ 1 മുതൽ 180 രൂപയായി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു.

ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 1960-ലെ ഭൂപതിവ് നിയമ ഭേദഗതി കേരള നിയമസഭ പാസ്സാക്കി.

വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി ഈ സർക്കാരിന്റെ കാലത്ത് രണ്ടു വർഷത്തിനുള്ളിൽ 488 സ്‌കൂൾ കെട്ടിടങ്ങളും 41 നവീകരിച്ച ലാബുകളും നിർമ്മാണം പൂർത്തിയാക്കി.

എട്ട് സർവകലാശാലകൾക്കും 359 കോളേജുകൾക്കും നാക് അക്രെഡിറ്റേഷൻ ലഭിച്ചു. 900 ബിരുദ പ്രോഗ്രാമുകളും 204 ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളും പുതുതായി അനുവദിച്ചു.

2021ലെ കേരള സംസ്ഥാന മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട്, 2023-ലെ പൊതുജനാരോഗ്യ നിയമം എന്നിവ നടപ്പിൽ വരുത്തി.

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടി ആരംഭിച്ചു.

സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ പദ്ധതി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള നടപടി പുരോഗമിച്ചുവരുന്നു.

സംസ്ഥാനത്ത് നിലവിൽ 478 വില്ലേജോഫീസുകൾ സ്മാർട്ട് നിലവാരത്തിലേക്കുയർത്തി.

2023-2024 കാലയളവിൽ 37,124 പേർക്ക് നിയമന ശിപാർശ നൽകി. ഇക്കാലയളവിൽ 1341 റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു.

ദേവസ്വം ബോർഡുകൾക്കും പത്മനാഭ സ്വാമി ക്ഷേത്രത്തിനും സർക്കാർ ഖജനാവിൽ നിന്നും ഈ കാലയളവിൽ 325.53 കോടി രൂപ നൽകി.