അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യം നീട്ടണമെന്ന ആവിശ്യം കോടതി തള്ളി

0
145

ഡൽഹി മദ്യനയ അഴിമതി കേസിൽ ഇടക്കാല ജാമ്യം നീട്ടണമെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഹർജി ഡൽഹി റോസ് അവന്യൂ കോടതി തള്ളി. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് ജാമ്യം ഏഴുദിവസത്തേക്ക് നീട്ടണമെന്നായിരുന്നു കെജ്രിവാളിൻ്റെ ആവശ്യം.

എന്നാൽ ഇത് അംഗീകരിക്കാത്ത കോടതി കെജ്രിവാളിനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാൻ നിർദേശിക്കുകയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി ജൂൺ 19 വരെ നീട്ടുകയും ചെയ്തു.ഇതോടെ ഡൽഹി മുഖ്യമന്ത്രിക്ക് തിഹാർ ജയിലിൽ കഴിയേണ്ടിവരും. അതേസമയം കെജ്‌രിവാളിൻ്റെ സ്ഥിരം ജാമ്യാപേക്ഷ ജൂൺ ഏഴിന് റൂസ് അവന്യൂ കോടതി പരിഗണിക്കും.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ കെജ്‌രിവാളിന് സുപ്രീം കോടതി അനുവദിച്ച ജാമ്യകാലാവധി ജൂണ്‍ ഒന്നിന് അവസാനിച്ചിരുന്നു. തുടർന്ന്, ഇടക്കാല ജാമ്യം ഏഴ് ദിവസംകൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‌രിവാൾ അപേക്ഷ നൽകിയെങ്കിലും സുപ്രീം കോടതി രജിസ്ട്രി സ്വീകരിച്ചിരുന്നില്ല. സ്ഥിരം ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശിച്ചതിനാൽ അപേക്ഷ സ്വീകരിക്കാനാകില്ലെന്നായിരുന്നു അപേക്ഷ നിരസിച്ചുകൊണ്ട് രജിസ്ട്രി വ്യക്തമാക്കിയത്.

ഇതിനുപിന്നാലെയാണ് കെജ്‌രിവാൾ വിചാരണക്കോടതിയായ റൗസ്‌ അവന്യൂ കോടതിയിലെത്തിയത്. എന്നാൽ, ഹർജി പരി​ഗണിക്കുന്നത് കോടതി മാറ്റിയതോടെ ജൂൺ രണ്ടിനുതന്നെ അദ്ദേഹത്തിന് ജയിലിലേക്ക് മടങ്ങേണ്ടിവന്നു. മാർച്ച് 21-ന് ഇ.ഡി. അറസ്റ്റുചെയ്ത കെജ്‌രിവാളിന് തിരഞ്ഞെടുപ്പു പ്രചാരണത്തിനായി മേയ് പത്തിനാണ് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചത്.