ഇന്ത്യ മുന്നണി വിപുലീകരിക്കാൻ കോൺഗ്രസ്; ബിഹാർ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചർച്ച നടത്തും

0
186

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ഇന്ത്യ മുന്നണി വിപുലീകരിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നതായി റിപ്പോർട്ട്. കേവല ഭൂരിപക്ഷം നേടിയ എൻഡിഎയ്‌ക്കൊപ്പമുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായും ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവുമായും ചർച്ച നടത്താനാണ് കോൺഗ്രസ് നീക്കം.

രണ്ട് സഖ്യകക്ഷികളുമായും സർക്കാർ രൂപവത്കരണ സാധ്യതകൾ സംബന്ധിച്ച ചർച്ച നടത്തുമെന്ന് കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പറഞ്ഞു. ഇന്ത്യാ മുന്നണിയിൽ ഉൾപ്പെട്ട ഉദ്ദവ് താക്കറെയാണ് ഇക്കാര്യം ആദ്യമായി പൊതുവിടത്തിൽ പങ്കുവെച്ചത്. കോൺഗ്രസ് ഈ രണ്ട് നേതാക്കളുമായി ചർച്ച നടത്തുമെന്ന് ഉദ്ദവ് പറഞ്ഞു. സുസ്ഥിര സർക്കാർ രൂപവത്കരണത്തിനായുള്ള സഖ്യ സാധ്യതകൾക്ക് ശ്രമിക്കുമെന്ന് പിന്നീട് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദും വ്യക്തമാക്കി.

292 സീറ്റുകളാണ് എൻ.ഡി.എ.ക്കുള്ളത്. ഇതിൽ 28 സീറ്റുകൾ ജെ.ഡി.യു., ടി.ഡി.പി. സഖ്യകക്ഷികളുടേതാണ്. അതേസമയം ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകൾ. ജെ.ഡി.യു., ടി.ഡി.പി. സഖ്യത്തെ ഒപ്പം ചേർത്താൽ 262 സീറ്റിലേക്ക് ഉയരും. തുടർന്ന് കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളാണ് വേണ്ടിവരിക. മറ്റു പാർട്ടിക്കാരിൽനിന്ന് ചിലരെ ഒപ്പം കൂട്ടിയാൽ ഈ സംഖ്യയും മറികടക്കാൻ കോൺഗ്രസിനാവും.

അതേസമയം ഇന്ത്യ സഖ്യം ബുധനാഴ്ച ഇക്കാര്യങ്ങൾ ഉൾപ്പെടെ സുപ്രധാന ചർച്ചകൾ നടത്തും. കഴിഞ്ഞ പത്തുവർഷത്തിനിടെ അഞ്ചുതവണയാണ് നിതീഷ് കുമാർ പക്ഷം മാറി രാഷ്ട്രീയപരീക്ഷണം നടത്തിയത്. ഫെബ്രുവരിയിൽ ഇന്ത്യ സഖ്യത്തിൽനിന്ന് ബി.ജെ.പി.യിലേക്ക് പോയതാണ് അവസാനത്തെ മാറ്റം. എൻ.ഡി.എ.യുടെ ഭാഗമായിരുന്ന ടി.ഡി.പി., 2019-ലെ തിരഞ്ഞെടുപ്പിന് മുൻപ് സഖ്യത്തിൽനിന്ന് അകന്നു. പിന്നീട് നിലവിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും എൻ.ഡി.എ.യിൽ ചേരുകയായിരുന്നു.