ഇന്ത്യാ മുന്നണി 230 സീറ്റിലധികം മുന്നേറിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നാളെ ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ഇത് സംബന്ധിച്ച് ഒരു തീരുമാനവും നിലവിൽ കൈക്കൊണ്ടിട്ടില്ലെന്നും ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ പിന്തുണച്ചവർക്ക് നന്ദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് ശേഷം എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം.
ഭരണഘടനയെ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടമാണ് രാജ്യത്താകെ കോൺഗ്രസും ഇന്ത്യാ മുന്നണിയും നടത്തിയത്. ആ പോരാട്ടത്തിന് രാജ്യത്താകമാനമുള്ള സാധാരണക്കാർ, കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ തുടങ്ങിയവർ നൽകിയത് കലവറയില്ലാത്ത പിന്തുണയാണ്. അതിന് അവരോട് നന്ദി അറിയിക്കുന്നുവെന്നും തന്നെ വിജയിപ്പിച്ച വയനാട്ടിലേയും റായ്ബറേലിയിലേയും ജനതയോട് അകമഴിഞ്ഞ കടപ്പാടുണ്ടെന്നും ഏത് മണ്ഡലം നിലനിർത്തണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
രാജ്യത്ത് എൻഡിഎയ്ക്ക് നേരിട്ട തിരിച്ചടി പ്രധാനമന്ത്രിയ്ക്കെതിരായ ജനവിധിയെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും പ്രതികരിച്ചു. ജനങ്ങൾ മോദിയെ തിരസ്ക്കരിച്ചുവെന്നും ഭരണഘടനയെ തകർക്കാൻ ശ്രമിച്ച ബിജെപിക്കുണ്ടായ തിരിച്ചടിയാണെന്നും ഖാർഗെ തുറന്നടിച്ചു. കോൺഗ്രസിന്റേയും ഇന്ത്യാ മുന്നണിയുടേയും പ്രചാരണം ജനങ്ങളിലേക്കെത്തിക്കാൻ സാധിച്ചൂവെന്നും ഖാർഗെ വ്യക്തമാക്കി.