തമിഴ്‌നാട്ടില്‍ സ്റ്റാലിന്റെ പടയോട്ടം; അടിപതറി ബിജെപി

0
107

തമിഴ്‌നാട്ടില്‍ അടിപതറി ബിജെപി. എം കെ സ്റ്റാലിന്റെ പടയോട്ടം തന്നെയാണ് തമിഴകത്ത് കാണാനാകുന്നത്. ഡിഎംകെയ്‌ക്കൊപ്പം കോണ്‍ഗ്രസും സിപിഐഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്നപ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ നിലവില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്.

കോയമ്പത്തൂരില്‍ വിജയം ഉറപ്പിച്ചെന്ന് പറഞ്ഞ കെ അണ്ണാമലൈക്ക് ഒരു തവണ പോലും മുന്നിലെത്താന്‍ കഴിഞ്ഞില്ല. തമിഴ്‌നാട്ടില്‍ ബിജെപി കരുത്ത് കൂട്ടാന്‍ നോക്കിയ സമയത്ത് കലൈഞ്ജര്‍ കരുണാനിധിയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചാണ് സ്റ്റാലിന്‍ തിരിച്ചടിച്ചത്. താന്‍ തിരിച്ചടിച്ചാല്‍ താങ്ങാനാവില്ലെന്ന് കലൈഞ്ജര്‍ പറഞ്ഞിട്ടുണ്ട്, അത് ഓര്‍മ്മിപ്പിക്കുന്നുവെന്നായിരുന്നു സ്റ്റാലിന്റെ വാക്കുകള്‍. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ഈ വാക്കുകള്‍ ചര്‍ച്ചയാകുന്നുണ്ട്.

ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും മുന്നിലാണ്. സിപിഐ എമ്മും സിപിഐയും മത്സരിച്ച രണ്ട് വീതം സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നുണ്ട്. എന്‍ഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നത് മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്