സംസ്ഥാനത്ത് തപാൽ വോട്ടെണ്ണൽ അവസാനിച്ചു. തപാൽ വോട്ടെണ്ണലിൽ കേരളത്തിൽ ഇടത് തരംഗം അലയടിക്കുന്നു. കൊല്ലം, ആറ്റിങ്ങൽ, ആലത്തൂർ, കണ്ണൂർ, ഇടുക്കി, തൃശൂർ, ചാലക്കുടി, പാലക്കാട്, വടകര, കാസർകോട് മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു.
തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പെന്ന് എം വി ജയരാജന്‍. കണ്ണൂരിലും കേരളത്തിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും എൽഡിഎഫ് വിജയിക്കും. എക്‌സിറ്റ് പോളുകൾ കോർപ്പറേറ്റുകൾക്കുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
ലോക് സഭ തെരഞ്ഞെടുപ്പില്‍ തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് വി ജോയ് പ്രതികരിച്ചിരുന്നു. മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്നും കൈവിട്ടുപോയ ആറ്റിങ്ങല്‍ മണ്ഡലം തിരികെ പിടിക്കുമെന്നും മന്ത്രി വി ജോയ് പറഞ്ഞു.
എക്‌സിറ്റ് പോളുകളെ വിശ്വാസമില്ല, മറിച്ച് ജനങ്ങളിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ആദ്യ റൗണ്ടുകളില്‍ യുഡിഎഫിന് മേല്‍കൈ ഉള്ള സ്ഥലങ്ങളാണ് എണ്ണുന്നത്.
ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിധി ഇന്നാണ് അറിയുന്നത്. രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പരിഗണിക്കുക പോസ്റ്റൽ വോട്ടുകൾ ആയിരിക്കും. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ആദ്യ ഫല സൂചനകൾ 9 മണിയോടെ അറിയാൻ കഴിയും.
തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള സർട്ടിഫിക്കറ്റുകൾ വേഗത്തിൽ തന്നെ വിതരണം ചെയ്യാനുള്ള നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. വൈകിട്ടോടുകൂടി തന്നെ എല്ലാ മണ്ഡലങ്ങളിലെയും ഫലം വ്യക്തമാകും എന്നാണ് പ്രതീക്ഷ.