‘എക്സിറ്റ് പോളുകൾ പുറത്തു വിടുന്നത് ഓഹരി വിപണിയില്‍ കൃത്രിമം കാണിക്കാനാണോ’; വിമർശനവുമായി ദ്രുവ് റാഠി

0
112

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എക്‌സിറ്റ് പോളുകൾക്കെതിരെ വിമർശനങ്ങളും ട്രോളുകളും ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ ഭൂരിഭാഗവും ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിക്ക് വൻ വിജയം പ്രവചിച്ചിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം മറിച്ചായതോടെ എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യതയും രാഷ്ട്രീയ ലക്ഷ്യങ്ങളും ചോദ്യം ചെയ്യപ്പെടുകയാണ്.

പ്രശസ്ത യൂട്യൂബർ ദ്രുവ് റാഠി എക്‌സിറ്റ് പോളുകളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഓഹരി വിപണിയില്‍ കൃത്രിമം കാണിക്കാനാണോ ഇവര്‍ ഇതെല്ലാം ചെയ്തുകൂട്ടുന്നത് അന്വേഷിക്കണമെന്നായിരുന്നു ദ്രുവ് ആവശ്യപ്പെട്ടത്. ലക്ഷക്കണക്കിന് പേര്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്തു.

അതിനിടെ എക്‌സിറ്റ്‌പോള്‍ ഫലം പിഴച്ചതിനെ തുടര്‍ന്ന് ആക്‌സിസ് മൈ ഇന്ത്യ തലവന്‍ പ്രദീപ് ഗുപ്ത ചാനല്‍ ലൈവിനിടെ പൊട്ടിക്കരഞ്ഞത് വലിയ ട്രോളുകള്‍ക്ക് കാരണമായി. തന്റെ ഏജന്‍സി പുറത്തുവിട്ട ഫലം തെറ്റിയതിനെ തുടര്‍ന്നാണ് പ്രദീപ് ഗുപ്ത പൊട്ടിക്കരഞ്ഞത്. ലൈവിനിടെ ചാനല്‍ അവതാരകര്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. വീഡിയോ പെട്ടെന്നു തന്നെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു.

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ലൈവായി അവലോകനം ചെയ്യുന്ന ഇന്ത്യ ടുഡെ ചാനലിന്റെ പരിപാടിയ്ക്കിടെയായിരുന്നു നാടകീയ സംഭവങ്ങള്‍. ആക്‌സിസ് മൈ ഇന്ത്യ പുറത്തുവിട്ട എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ എന്‍.ഡി.എ മുന്നണിക്ക് 361-401 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. ഇന്ത്യ മുന്നണി 131-166 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നും ആക്‌സിസ് ഇന്ത്യ പ്രവചിച്ചിരുന്നു. എന്നല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എന്‍.ഡി.എ 300 താഴെ സീറ്റുകളിലേക്ക് ഒതുങ്ങുകയും ഇന്ത്യ മുന്നണി മെച്ചപ്പെട്ട നേട്ടം സ്വന്തമാക്കുകയുമായിരുന്നു.

വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് മുന്‍പ് തങ്ങളുടെ ഫലം കൃത്യമാകുമെന്ന വലിയ ആത്മവിശ്വാസവും ഗുപ്ത പ്രകടിപ്പിച്ചിരുന്നു. രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഉള്‍പ്പടെ 69 തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തങ്ങള്‍ പ്രവചിച്ചിട്ടുണ്ടെന്നും മിക്കവാറും എല്ലാ തവണയും അത് യാഥാര്‍ഥ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പത്ത് വര്‍ഷത്തിലേറെയായി ഈ പണി ചെയ്യുന്നവരാണ് തങ്ങളെന്നും എക്‌സിറ്റ് പോളിനെ ചോദ്യം ചെയ്യുന്നവര്‍ ആക്‌സിസ് മൈ ഇന്ത്യയുടെ ചരിത്രം പരിശോധിക്കാന്‍ തയ്യാറാവണമെന്നുമായിരുന്നു ഗുപ്തയുടെ വെല്ലുവിളി.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ആക്‌സിസ് മൈ ഇന്ത്യ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ നടത്തിയ പ്രവചനങ്ങളെല്ലാം തെറ്റുകയായിരുന്നു. ഇതോടെയാണ് എല്ലാവരെയും ഞെട്ടിച്ച് പ്രദീപ് ഗുപ്ത പൊട്ടിക്കരഞ്ഞത്.