രാജസ്ഥാനിൽ ബിജെപി സീറ്റ്‌ പിടിച്ചെടുത്ത്‌ സിപിഐ എം

0
96

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ സിക്കർ മണ്ഡലത്തിൽ ചരിത്രംകുറിച്ച്‌ സിപിഐ എം. അമ്രാറാമിന്റെ ഭൂരിപക്ഷം അമ്പതിനായിരം കടന്ന്‌ കുതിക്കുകയാണ്‌. സിറ്റിങ്‌ എംപി ബിജെപിയിലെ സുമേദനന്ദ്‌ സരസ്വതിയെയാണ്‌ അമ്രാ റാം പരാജയപ്പെടുത്തിയത്‌. ഇന്ത്യ കൂട്ടായ്‌മയുടെ സ്ഥാനാർഥിയായാണ്‌ അമ്രാറാം മത്സരിച്ചത്‌. ഇതുവരെയുള്ള വോട്ടുനില പ്രകാരം സിപിഐ എം 488066 വോട്ടും ബിജെപി 436748 വോട്ടും നേടിയിട്ടുണ്ട്‌.

സിപിഐ എം സംസ്ഥാന സെക്രട്ടറിയും അഖിലേന്ത്യ  കിസാൻസഭ വൈസ്‌ പ്രസിഡന്റുമാണ്‌ അമ്രാ റാം. സിക്കറിലെ ദോഡ്‌, ദാത്താറാംഗഢ്‌ നിയമസഭാ മണ്ഡലങ്ങളിൽനിന്ന്‌ നാലുവട്ടം എംഎൽഎയായിട്ടുണ്ട്‌. 2019 ലെ തെരഞ്ഞെടുപ്പിൽ 31,462 വോട്ടായിരുന്നു അമ്രാറാം നേടിയത്‌. 1996 മുതൽ തുടർച്ചയായി എട്ട്‌ തവണ സിക്കറിൽ മത്സരിച്ച അമ്രാറാം മുൻപ്‌ രണ്ട്‌ തവണ ഒന്നര ലക്ഷത്തിലധികം വോട്ടുകൾ നേടിയിട്ടുണ്ട്‌. 2009ൽ ശക്തമായ ത്രികോണമത്സരത്തിൽ 1.62 ലക്ഷം വോട്ട്‌ നേടി.

പത്തുവർഷമായി ബിജെപിയുടെ കോട്ടയായ ഇവിടെ സിപിഐ എം നടത്തിയ മുന്നേറ്റം ബിജെപിക്ക്‌ കനത്ത തിരിച്ചടിയായി. 2019 മൂന്ന്‌ ലക്ഷത്തോളം വോട്ടുകൾക്ക്‌ ബിജെപി ജയിച്ച മണ്ഡലമാണിത്‌. ആര്യസമാജം സന്യാസിയായ സ്വാമി സുമേദാനന്ദ്‌ സരസ്വതി തന്നെയാണ്‌ 2014ലും 2019ലും ജയിച്ചത്‌.

കർഷകനേതാവായ അമ്രാ റാം ലോക്‌സഭാ മണ്ഡലത്തിലാകെ സുപരിചിതനായിരുന്നു. വസുന്ധര രാജെയുടെ ഭരണകാലത്ത്‌ കാർഷികകടങ്ങൾ എഴുതിത്തള്ളണമെന്ന ആവശ്യവുമായി അമ്രാ റാം നേതൃത്വം നൽകിയ ഐതിഹാസികസമരം സംസ്ഥാനത്തെയാകെ ഇളക്കിമറിച്ചിരുന്നു. രണ്ടാഴ്‌ച നീണ്ട സെക്രട്ടറിയറ്റ്‌ വളയൽ സമരത്തിനുമുന്നിൽ ബിജെപി സർക്കാരിന്‌ മുട്ടുമടക്കേണ്ടിവന്നു. കാർഷികനിയമങ്ങൾക്കെതിരായ സമരം രാജസ്ഥാനിൽ നയിച്ചതും അമ്രാ റാംതന്നെ.

നിയമസഭാ തെരഞ്ഞെടുപ്പിൽ സിക്കറിലെ എട്ടു മണ്ഡലങ്ങളിൽ അഞ്ചിടത്ത്‌ കോൺഗ്രസ്‌ ജയിച്ചു. സിപിഐ എം ദോഡിൽ രണ്ടാമതും ദാത്താറാംഗഢിൽ മൂന്നാമതുമെത്തി. ഇന്ത്യ കൂട്ടായ്‌മയിലെ പാർടികൾക്കെല്ലാമായി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയേക്കാൾ 1.38 ലക്ഷം വോട്ട്‌ സിക്കറിൽ കൂടുതലായി ലഭിച്ചിരുന്നു.