2024 ടി20 ലോകകപ്പ്; കനത്ത പോരാട്ടത്തിനൊടുവിൽ നമീബിയക്ക് ജയം

0
283

2024 ടി20 ലോകകപ്പിൽ സൂപ്പർ ഓവറിലേക്ക് പോയ ആദ്യ മത്സരത്തിൽ നമീബിയ വിജയിച്ചു. 110 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നമീബിയ 109 റൺസിൽ ഒതുങ്ങിയപ്പോൾ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.

സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയക്ക് വേണ്ടി ഡേവിഡ് വീസും ക്യാപ്റ്റൻ ഗെർഹാർഡ് ഇറാസ്മസും 21 റൺസ് നേടിയതോടെ മത്സര ചിത്രം ഏറെക്കുറെ വ്യക്തമായിരുന്നു. 22 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഒമാന് 10 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. 11 റൺസിനായിരുന്നു നമീബിയയുടെ വിജയം.

നേരത്തേ നമീബിയക്കെതിരേ 19.4 ഓവറില്‍ 109 റണ്‍സിന് ഓള്‍ഔട്ടായെങ്കിലും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ഒമാന്‍ വിജയത്തിന്റെ വക്കില്‍ നിന്നാണ് മത്സരം കൈവിട്ടത്. അവസാന ഓവറില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ് വേണ്ടിയിരുന്ന നമീബിയക്ക് മെഹ്‌റാന്‍ ഖാന്‍ എറിഞ്ഞ ഓവറില്‍ നാലു റണ്‍സ് മാത്രമാണ് നേടാനായത്. യാന്‍ ഫ്രൈലിങ്കിനെയും സെയ്ന്‍ ഗ്രീനിനെയും പുറത്താക്കി മെഹ്‌റാന്‍ അവസാന ഓവറില്‍ ഒമാനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കേ വിക്കറ്റ് കീപ്പര്‍ നസീം ഖുഷി വരുത്തിയ പിഴവാണ് മത്സരം ടൈയാക്കിയത്. മൂന്ന് ഓവര്‍ എറിഞ്ഞ മെഹ്‌റാന്‍ വെറും ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തി.

കണിശതയോടെ പന്തെറിഞ്ഞ ഒമാന്‍ ബൗളര്‍മാര്‍ക്കെതിരേ 48 പന്തില്‍ നിന്ന് 45 റണ്‍സെടുത്ത ഫ്രൈലിങ്കാണ് നമീബിയയുടെ ടോപ് സ്‌കോറര്‍. 31 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത നിക്കോളാസ് ഡാവിനും ഭേദപ്പെട്ട പ്രകടനം നടത്തി. ഇവരെ കൂടാതെ 16 പന്തില്‍ നിന്ന് 13 റണ്‍സെടുത്ത ജെര്‍ഹാര്‍ഡ് എറാസ്മസ് മാത്രമാണ് രണ്ടക്കം കടന്ന മറ്റൊരു താരം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഒമാനെ നമീബിയ 19.4 ഓവറില്‍ 109 റണ്‍സിന് പുറത്താക്കിയിരുന്നു. നാല് ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ട്രംപല്‍മാനാണ് ഒമാനെ തകര്‍ത്തത്. ഡേവിഡ് വീസ് മൂന്നു വിക്കറ്റ് വീഴ്ത്തി.

ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 39 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ഖാലിദ് കയ്‌ലാണ് ഒമാന്റെ ടോപ് സ്‌കോറര്‍. ഖാലിദിനെ കൂടാതെ സീഷാന്‍ മഖ്‌സൂദ് (20 പന്തില്‍ 22), അയാന്‍ ഖാന്‍ (21 പന്തില്‍ 15), ഷക്കീല്‍ അഹമ്മദ് (ഒമ്പത് പന്തില്‍ 11) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങള്‍.