ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ടം ഇന്ന്

0
109

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഏഴാം ഘട്ടം ഇന്ന്. അവസാന ഘട്ടത്തിൽ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളിൽ മൂന്നെണ്ണം എത്തി സംവരണവും 13 എണ്ണം പട്ടികജാതി സംവരണവും ബാക്കി 41 എണ്ണം പൊതുവിഭാഗവുമാണ്. 57 ലോക്‌സഭാ മണ്ഡലങ്ങൾക്കൊപ്പം ഒഡീഷയിലെ 42 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും.

ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പഞ്ചാബിലെ പഞ്ചാബ് സാഹിബിൽ നിന്ന് ജനവിധി തേടുന്നു. മുൻ ലോക്സഭാ സ്പീക്കർ മീരാകുമാറിന്റെ മകൻ അൻഷൂൾ അവി ജിത്ത് ആണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി. ഹിമാചൽപ്രദേശിലെ മാണ്ടി ലോക്സഭാ മണ്ഡലത്തിൽ കങ്കണാ റണാവത്ത് കോൺഗ്രസിലെ വിക്രമാദിത്യ സിംഗിനെ നേരിടുന്നു. ഹിമാചൽപ്രദേശിലെ ഹാമീർ പൂർ മണ്ഡലത്തിൽ നിന്നാണ് അനുരാഗ് സിംഗ് താക്കൂർ ജനവിധി തേടുന്നത്. ഇന്ന് വോട്ടിംഗ് നടക്കുന്ന 57 മണ്ഡലങ്ങളിലും ശക്തമായ സുരക്ഷാ സംവിധാനങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശപ്രകാരം ഒരുക്കിയിട്ടുണ്ട്.

അതേസമയം ഇന്ന് വോട്ടിംഗ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത ചൂടിനെ നേരിടാൻ വിപുലമായ ക്രമീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ആവശ്യമായ കുടിവെള്ള സൗകര്യം ഒരുക്കണമെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വോട്ടുചെയ്യാൻ എത്തുന്ന ആളുകൾക്ക് ആവശ്യമായിട്ടുള്ള വൈദ്യസഹായം ഉറപ്പാക്കണം. ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ ഒഴിവാക്കുന്ന വിധത്തിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങളും തയ്യാറാക്കണം. അടിയന്തര സാഹചര്യം ആയി പരിഗണിച്ച് ആവശ്യമായ വൈദ്യസഹായവും ബൂത്തുകളിൽ ഉണ്ടാകണമെന്ന് കമ്മീഷൻ നിർദേശിച്ചു.