തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
138

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോടിൻ്റെ കിഴക്കൻ മലയോരങ്ങളിൽ ഇപ്പോൾ കനത്ത മഴയാണ്. മുക്കം മേഖലയിൽ ഇടിയോട് കൂടിയ മഴയാണ്.

ഇടുക്കി, പാലക്കാട് വയനാട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് യെല്ലോ അലേര്‍ട്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം. ഒഴുക്കുള്ള ജലാശയങ്ങളില്‍ ഇറങ്ങരുത്. മിന്നല്‍ ജാഗ്രത നിര്‍ദ്ദേശപ്രകാരം മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

വയനാട്ടിലെ മഴമുന്നറിയിപ്പ് കണക്കിലെടുത്ത് പുഴയിലോ, വെള്ളക്കെട്ടിലോ ഇറങ്ങരുതെന്ന് കളക്ടര്‍ നിര്‍ദേശം നല്‍കി. കുളിക്കാനോ മീന്‍ പിടിക്കാനോ പുഴയില്‍ ഇറങ്ങരുത്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.