കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ജനതാദൾ എംപിയുമായ പ്രജ്വൽ രേവണ്ണ ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. ജർമ്മനിയിലെ മ്യൂണിക്കിൽ നിന്ന് ബംഗളൂരുവിൽ എത്തിയ ശേഷമാണ് അറസ്റ്റ്. വിമാനത്താവളത്തിൽ വച്ചാണ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ലുഫ്താൻസ വിമാനത്തിൽ ഇന്ന് പുലര്‍ച്ചെയാണ് പ്രജ്വൽ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷൻ പോയന്റിൽ സിഐഎസ്എഫ് തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശേഷം സിഐഡി ഓഫീസിലേക്ക് കൊണ്ടുപോയി.മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.
നേരത്തേ പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാല്‍ പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളും അന്വേഷണസംഘം ഒരുക്കി. ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്. മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രജ്വല്‍ രേവണ്ണ അറിയിച്ചിരുന്നു.