പ്രജ്ജ്വല് രേവണ്ണയെ ജൂൺ 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

0
140

ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ ഹാസൻ എംപി പ്രജ്ജ്വല് രേവണ്ണയെ ജൂൺ 6 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജർമനിയിൽ നിന്ന് മടങ്ങിയ ഉടൻ തന്നെ ബംഗളൂരു വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാവിലെയാണ് പ്രജ്വലിനെ അറസ്റ്റ് ചെയ്തത്. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ സംഘം കസ്റ്റഡിയിലെടുത്ത പ്രജ്ജ്വലിനെ വൈദ്യ പരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

പ്രജ്ജ്വലിന്റെ വരവ് പ്രതീക്ഷിച്ച് അന്വേഷണസംഘം വിമാനത്താവളത്തില്‍ ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു. 14 ദിവസം കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ജൂണ്‍ ആറുവരെ കസ്റ്റഡി അനുവദിച്ചു.

ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രജ്ജ്വല്‍ ജര്‍മനിയിലേക്ക് കടന്നത്. ഏപ്രില്‍ 27-ന് രാജ്യം വിട്ട പ്രജ്ജ്വല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടികൊടുക്കാതെ 33 ദിവസം വിദേശത്ത് കഴിഞ്ഞ ശേഷമാണ് തിരിച്ചെത്തിയത്. മൂവായിരത്തോളം അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ഹാസനിലേതുള്‍പ്പെടെ സംസ്ഥാനത്തെ ആദ്യഘട്ട തിരഞ്ഞെടുപ്പുകഴിഞ്ഞ ഏപ്രില്‍ 26-ന് അര്‍ധരാത്രിയാണ് പ്രജ്ജ്വല്‍ വിദേശത്തേക്ക് കടന്നത്. ഇതിനൊപ്പമാണ് അശ്ലീലവീഡിയോ കേസിന്റെ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

പ്രജ്ജ്വല്‍ ജര്‍മനിയിലേക്ക് കടന്നെന്ന് അന്വേഷണസംഘത്തിന് നേരത്തേ വിവരം ലഭിച്ചിരുന്നു. നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് വിദേശയാത്ര നടത്തിയത്. മടക്കയാത്രയ്ക്കുള്ള ടിക്കറ്റും ഒപ്പം ബുക്ക് ചെയ്‌തെങ്കിലും കേസ് ശക്തമായതിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. തുടര്‍ന്ന് പ്രജ്ജ്വലിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.