ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകളുടെ സുരക്ഷ അവലോകനവും വോട്ടെണ്ണൽ നടപടികളുടെ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിനാണ് വോട്ടെണ്ണൽ. സംസ്ഥാനത്തെ 20 വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും വോട്ടെണ്ണൽ ഒരുക്കങ്ങളും വിലയിരുത്തി. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച 21 പോയിൻ്റുകളുടെ അടിസ്ഥാനത്തിലാണ് അവലോകനം പൂർത്തിയാക്കിയത്.
20 ലോക്സഭ മണ്ഡലങ്ങളിലെയും സ്ട്രോങ് റൂമുകളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമുള്ള ത്രിതല സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ട്രോങ് റൂമുകളുടെ 100 മീറ്റർ അകലെ നിന്ന് ആരംഭിക്കുന്ന ആദ്യ സുരക്ഷാവലയത്തിൽ സംസ്ഥാന പൊലീസിന്റെ കാവലാണുള്ളത്. തുടർന്നുള്ള രണ്ടാം വലയത്തിൽ സംസ്ഥാന ആംഡ് പൊലീസും മൂന്നാം വലയത്തിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുമാണ് സുരക്ഷ ചുമതലയിലുള്ളത്. കൂടാതെ സ്‌ട്രോങ് റൂമിന് പുറത്ത് 24 മണിക്കൂറും സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനകവാടങ്ങൾ, സ്ട്രോങ് റൂം ഇടനാഴികൾ, സ്ട്രോങ് റൂമിൽ നിന്ന് വോട്ടെണ്ണൽ ഹാളിലേക്കുള്ള വഴി, വോട്ടെണ്ണൽ ഹാൾ, ടാബുലേഷൻ ഏരിയ എന്നിവിടങ്ങളെല്ലാം സിസിടിവി നിരീക്ഷണത്തിലാണ്. എല്ലാ സ്ട്രോങ് റൂമുകളും കൃത്യമായ ഇടവേളകളിൽ ഉദ്യോഗസ്ഥർ സന്ദർശിച്ച് സുരക്ഷ ഉറപ്പുവരുത്തുകയും സന്ദർശക രജിസ്ററർ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും അഗ്‌നിരക്ഷാ സൗകര്യങ്ങളും ഫയർഫോഴ്സിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
വോട്ടെണ്ണലിനുള്ള മേശകൾ, കൗണ്ടിങ് ഏജന്റ് മാർക്ക് ഇരിക്കാനുള്ള ഏരിയ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വോട്ടണ്ണൽ തീയതി, സമയം, സ്ഥലം എന്നിവ സ്ഥാനാർഥികളെയും അവരുടെ ഏജന്റുമാരെയും ഫോം എം 22 പ്രകാരം അറിയിച്ചിട്ടുണ്ട്. കൗണ്ടിങ് ഏജന്റുമാരുടെ ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഫോം 18 ൽ അറിയിക്കാനും സ്ഥാനാർഥികൾക്ക് നിർദേശം നൽകി.
കാലതാമസം കൂടാതെ വോട്ടെണ്ണൽ പ്രക്രിയ പൂർത്തീകരിക്കാനും ഫലം പ്രഖ്യാപിക്കാനും ആവശ്യമായത്ര വോട്ടെണ്ണൽ ഹാളുകളും മേശകളും എല്ലാ കേന്ദ്രങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. സർവീസ് വോട്ടർമാരുടെ ഇലക്ട്രോണിക് പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നതിന് ആവശ്യമായ ക്യു ആർ കോഡ് സ്‌കാനറുകളും കമ്പ്യൂട്ടർ സംവിധാനങ്ങളും ലഭ്യമാക്കുകയും പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും സുഗമമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഇവരുടെ ആദ്യ റാൻഡമൈസേഷൻ മെയ് 17 ന് പൂർത്തിയായി. രണ്ടാം റാൻഡമൈസേഷനും മൂന്നാം റാൻഡമൈസേഷനും ജൂൺ 3ന് രാവിലെ എട്ട് മണിക്കും ജൂൺ 4 ന് രാവിലെ അഞ്ച് മണിക്കും നടക്കും. തപാൽവോട്ട് അടക്കമുള്ളവയുടെ വോട്ടെണ്ണലിന് 707 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരെ നിയമിക്കും. വോട്ടെണ്ണൽ ജീവനക്കാർക്കുള്ള ആദ്യഘട്ട പരിശീലനം മെയ് 22 നും 23 നും രണ്ടാംഘട്ട പരിശീലനം മെയ് 28 നും പൂർത്തിയായി. അവസാനഘട്ട പരിശീലനം ജൂൺ 1ന് നടക്കും.
മൽസരഫലങ്ങൾ തടസ്സങ്ങൾ കൂടാതെ തത്സമയം ലഭ്യമാക്കുന്നതിന് എൻകോർ, ഇടിപിബിഎംഎസ് ടീമുകൾക്ക് പരിശീലനങ്ങളും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കലും പൂർത്തിയാക്കി. ടാബുലേഷൻ നടപടികളുടെ ഡ്രൈ റൺ മെയ് 25 ന് നടന്നു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എക്സിക്യൂട്ടിവ് മജിസ്ട്രേറ്റിനാണ് ഇതിന്റെ ചുമതല. വോട്ടെണ്ണുന്ന ഉദ്യോഗസ്ഥർക്കും കൗണ്ടിങ് ഏജന്റുമാർക്കും തിരിച്ചറിയൽ കാർഡുകൾ നൽകും. ഓരോ മേശയിലും ഓരോ ഘട്ടത്തിലും എണ്ണുന്ന വോട്ടിങ് യന്ത്രങ്ങളുടെ പട്ടിക സ്ഥാനാർഥികൾക്ക് നൽകും. തൽസമയ ഫലം ലഭ്യമാക്കുന്നതിന് ഓരോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ടെലഫോൺ, കമ്പ്യൂട്ടർ, ഫാക്സ്, ഇന്റർനെറ്റ് എന്നിവ അടക്കമുള്ള കമ്യൂണിക്കേഷൻ റൂമുകളും ഒരുക്കിയിട്ടുണ്ട്.