പാഠപുസ്തക വിതരണം പൂർത്തിയായി; അഭിമാനം പങ്കിട്ട് വിദ്യാഭ്യാസ വകുപ്പിനൊപ്പം കുടുംബശ്രീയും

0
88

സ്‌കൂൾ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളിൽ പാഠപുസ്തക വിതരണം പൂർത്തിയായപ്പോൾ വിദ്യാഭ്യാസ വകുപ്പിനൊപ്പം അഭിമാനം പങ്കിട്ട് കുടുംബശ്രീയും. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള 2.97 കോടി പാഠപുസ്തകങ്ങളുടെ വിതരണമാണ് ഇന്ന് പൂർത്തിയായത്. എയ്ഡഡ് അൺ എയ്ഡഡ് മേഖലയിലെ വിദ്യാലയങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ 13000-ത്തോളം വിദ്യാലയങ്ങളിൽ പഠിക്കുന്ന 45 ലക്ഷം വിദ്യാർഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. തുടർച്ചയായി നാലു വർഷവും പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് വകുപ്പിനൊപ്പം ചേർന്നു പ്രവർത്തിക്കാനായതാണ് കുടുംബശ്രീയുടെ നേട്ടം.

വിദ്യാഭ്യാസ വകുപ്പും കേരള സർക്കാർ സ്ഥാപനമായ കേരള ബുക്ക്‌സ് ആൻഡ് പബ്ലിഷിങ്ങ് സൊസൈറ്റി(കെ.ബി.പി.എസ്)യുമായും സഹകരിച്ചു കൊണ്ട് ഏപ്രിൽ ആദ്യവാരത്തോടെയാണ് പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിച്ചത്. പുസ്തക വിതരണവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുളള ഹബ്ബുകളിലേക്ക് മുന്നൂറ്റി അമ്പതോളം കുടുംബശ്രീ വനിതകളെ തിരഞ്ഞെടുത്തിരുന്നു.

പുസ്തകങ്ങൾ അച്ചടിച്ച് ഓരോ ജില്ലകളിലുമുള്ള ഹബ്ബുകളിൽ എത്തിക്കുന്നതിന്റെ ചുമതല കെ.ബി.പി.എസിനാണ്. ഇവിടെ നിന്നും നൽകുന്ന എണ്ണത്തിന് ആനുപാതികമായി പുസ്തകങ്ങൾ തരം തിരിച്ച് പായ്ക്ക് ചെയ്യുന്ന ജോലികളാണ് കുടുംബശ്രീ അംഗങ്ങൾ പൂർത്തിയാക്കിയത്. ഈ പുസ്തകങ്ങൾ പിന്നീട് കെ.ബി.പി.എസിന്റെ നേതൃത്വത്തിൽ ഹബ്ബുകൾക്ക് കീഴിലുള്ള 3302 സൊസൈറ്റികൾക്ക് നൽകും. തുടർന്ന് ഇവിടെ നിന്നും ഓരോ വിദ്യാലയങ്ങളിലേക്കും പുസ്തകങ്ങൾ എത്തിക്കുകയായിരുന്നു. കുടുംബശ്രീയുടെ കീഴിലുള്ള സൂപ്പർവൈസർമാർ മുഖേനയാണ് ഹബ്ബിലെ പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ചത്.

പാഠപുസ്തക വിതരണം സമയബന്ധിതമായി പൂർത്തിയാക്കിയത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ സഹായകമായിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പുമായി ചേർന്നു കൊണ്ട് സംസ്ഥാനത്തെ കുടുംബശ്രീ ജില്ലാമിഷൻ ഓഫീസ് ജീവനക്കാരുടെയും കുടുംബശ്രീ പ്രവർത്തകരുടെയും അക്ഷീണ പരിശ്രമങ്ങളാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ പാഠപുസ്തക വിതരണം പൂർത്തിയാക്കാൻ സഹായിച്ചത്.