ഹമാസിനെതിരായ യുദ്ധം ഈ വർഷം അവസാനം വരെ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ

0
188

ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഈ വർഷം അവസാനം വരെ നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സച്ചി ഹനെഗ്ബി പറഞ്ഞു. സായുധ സംഘടനകളായ ഹമാസിൻ്റെയും ഇസ്‌ലാമിക് ജിഹാദിൻ്റെയും സൈനിക-രാഷ്ട്രീയ സംവിധാനങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ ഏഴ് മാസമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, രൂക്ഷയുദ്ധം നടക്കുന്ന റാഫയിൽ ചൊവ്വാഴ്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് ഇസ്രയേലി സൈനികർ മരിച്ചു. എന്നാൽ, ഇത് ആരൊരുക്കിയ കെണിയാണെന്ന് വ്യക്തമല്ല. മൂന്നുപേർക്ക് പരിക്കേറ്റു. എട്ടാം മാസത്തിലേക്കടുക്കുന്ന യുദ്ധത്തിൽ ഗാസയിൽ ഇതുവരെ 290 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു.

24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണത്തിൽ റാഫയിൽമാത്രം 37 പേർ കൊല്ലപ്പെട്ടു. ആകെ മരണം 36,717 ആയി.

റാഫയിലെ രൂക്ഷയുദ്ധം പ്രവർത്തനം നിർത്താൻ തങ്ങളെ നിർബന്ധിതരാക്കിയെന്ന് സന്നദ്ധസംഘടനയായ വേൾഡ് സെൻട്രൽ കിച്ചൺ അറിയിച്ചു. അഭയാർഥിക്യാമ്പുകളിൽ ഭക്ഷണം പാകം ചെയ്തെത്തിക്കുന്ന സംഘടനയാണിത്. ഗാസയിലേക്ക് സമുദ്രമാർഗം സഹായമെത്തിക്കാൻ യു.എസ്. നിർമിച്ച താത്കാലിക കടൽപ്പാലത്തിന് വൻ തിരയടിയേറ്റ് കേടുപറ്റി.

ഗാസയിലെ കൂട്ടക്കുരുതി തുടരുന്ന പശ്ചാത്തലത്തിൽ, ഇസ്രയേലിലെ തങ്ങളുടെ സ്ഥാനപതിയെ ബ്രസീൽ തിരിച്ചുവിളിച്ചു.

എല്ലാ കണ്ണുകളും റാഫയിൽ

ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിക്കെതിരേ ആരംഭിച്ച ‘ഓൾ ഐസ് ഓൺ റാഫ’ (എല്ലാ കണ്ണുകളും റാഫയിൽ) എന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ തരംഗമാകുന്നു. പ്രശസ്ത സിനിമാതാരങ്ങളടക്കം ഈ പ്രചാരണം സ്റ്റോറിയാക്കി പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

ഞായറാഴ്ച രാത്രി ഇസ്രയേൽ റാഫയിലെ അഭയാർഥിക്കൂടാരങ്ങൾക്കുമേൽ ബോംബിട്ടതിനെത്തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 45 പേർ വെന്തുമരിച്ചതോടെയാണ് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം കരുത്താർജിച്ചത്.