കൊച്ചിയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

0
142

കൊച്ചിയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. രാത്രിയിൽ മഴ ശമിച്ചതിനാൽ വെള്ളക്കെട്ടുകളില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എറണാകുളത്ത് ശരാശരി 200 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്.

ഓടകൾ വൃത്തിയാക്കാത്തതിനാൽ വെള്ളം ഒഴുകി പോകുന്നതിന് പ്രതിസന്ധി നേരിടുന്നുണ്ട്. കളമശ്ശേരി തൃക്കാക്കര കൊച്ചിൻ കോർപ്പറേഷനുകളിൽ വെള്ളക്കെട്ട് രൂക്ഷം. ജില്ലയിൽ ഇതുവരെ മൂന്ന് ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.

തൃക്കാക്കര, കളമശേരി, മൂലേപ്പാടം, കൈപ്പടമുഗൾ തുടങ്ങിയ പ്രദേശങ്ങളിലും, ഇടപ്പള്ളി, വാഴക്കാല എന്നിവിടങ്ങളിലും മഴ പെയ്ത് മിനിറ്റുകൾക്കകം തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടത് പ്രദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് ഇറങ്ങി വീടുകൾ വൃത്തിയാക്കി തീരും മുൻപേയാണ് അടുത്ത മഴ കൂടി വന്ന് വീണ്ടും വെള്ളം നിറഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയത്. മൂലേപ്പാടത്ത് നിന്ന് ഫയർഫോഴ്‌സെത്തി റെസ്‌ക്യൂ ബോട്ടുകളിൽ പ്രദേശവാസികളെ മാറ്റിയിരുന്നു.

അതേസമയം കൊച്ചിൻ കോർപ്പറേഷൻ പി &ടി കോളനികൾ നിവാസികൾക്ക് നിർമ്മിച്ചു നൽകിയ ഫ്‌ളാറ്റിൽ ചോർച്ച വന്നതിന് കൊച്ചിൻ കോർപ്പറേഷൻ മറുപടി പറയണമെന്ന് ഹൈബി ഈഡൻ ആവശ്യപ്പെട്ടു.