KEAM പ്രവേശന പരീക്ഷ ഈ വർഷം മുതൽ ഓൺലൈനിൽ; ജൂൺ അഞ്ചിനു തുടക്കം

0
82

KEAM എഞ്ചിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷകൾ സംസ്ഥാനത്ത് ഈ വർഷം മുതൽ ഓൺലൈനായി നടത്തും. ജൂൺ 5 മുതൽ 9 വരെ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ നടക്കും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സർക്കാർ/സ്വാശ്രയ/സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും ഡൽഹിയിലെ രണ്ട് പരീക്ഷാ കേന്ദ്രങ്ങളിലും മുംബൈയിലും ദുബായിലും ഓരോ പരീക്ഷാ കേന്ദ്രങ്ങളിലുമാണ് പരീക്ഷ നടക്കുന്നത്. 1,13,447 വിദ്യാർഥികൾ പരീക്ഷ എഴുതും. സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവർത്തനവും വിലയിരുത്താൻ മേയ് 24ന് മോക്ക് ടെസ്റ്റും 25ന് ട്രയൽ പരീക്ഷയും പൂർത്തിയാക്കി. ഏതെങ്കിലും സാഹചര്യത്തിൽ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്ക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂൺ 10ന് നടത്തുന്ന രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.

ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷ എഴുതാം. എല്ലാ കേന്ദ്രങ്ങളിലും കരുതൽ കമ്പ്യൂട്ടറുകളും ഒരുക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറേറ്റിൽ പരീക്ഷ നടത്തിപ്പിനായി പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ജില്ലാ തലങ്ങളിലും കൺട്രോൾ റൂമുകൾ തുറന്നു. നോഡൽ ഓഫീസർക്കായിരിക്കും ജില്ലകളിലെ

മേൽനോട്ട ചുമതല. 130 കേന്ദ്രങ്ങളിലും പ്രത്യേക കോർഡിനേറ്റർമാരും നിരീക്ഷകരും ഉണ്ടായിരിക്കും. പരീക്ഷാ കേന്ദ്രങ്ങളിലെ സെർവറുകൾ ഉൾപ്പെടെയുള്ളവയുടെ ചുമതല ബന്ധപ്പെട്ട ചീഫ് സൂപ്രണ്ടിനായിരിക്കും. ദുബായ് കേന്ദ്രത്തിൽ ജൂൺ 6നും മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂൺ അഞ്ചിന് തന്നെയും പരീക്ഷ തുടങ്ങും. ബിഫാം പ്രവേശനത്തിനുള്ള പ്രത്യേക പരീക്ഷ ജൂൺ 6 ന് ഉച്ചയ്ക്ക് ശേഷം 3.30 മുതൽ 5 മണി വരെ നടക്കും. സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ പരീക്ഷാ സമയം അതനുസരിച്ച് പുനഃക്രമീകരിക്കും. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾ രാവിലെ 7.30ന് പരീക്ഷാ കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്ത ബയോമെട്രിക് വിവരങ്ങൾ നൽകണം. 9.30നു ശേഷം പരീക്ഷാ കേന്ദ്രത്തിൽ പ്രവേശനം അനുവദിക്കില്ല. രാവിലെ 9.45ന് വിദ്യാർഥികളുടെ ലോഗിൻ വിൻഡോയിൽ 15 മിനുട്ടുള്ള മോക്ക് ടെസ്റ്റ് തുടങ്ങും, ടൈമർ സീറോയിൽ എത്തുമ്പോൾ പരീക്ഷ ആരംഭിക്കും. ബി ഫാം പ്രവേശനത്തിനുള്ള വിദ്യാർഥികൾ ഉച്ചയ്ക്ക് ഒരു മണിക്ക് റിപ്പോർട്ട് ചെയ്യണം. പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് ക്യാൻഡിഡേറ്റ് പോർട്ടലിൽ ലഭ്യമായിട്ടുണ്ട്. വിദ്യാർഥികൾ അഡ്മിറ്റ് കാർഡിനൊപ്പം അഡ്മിറ്റ് കാർഡിൽ പരമാർശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയൽ രേഖ കൂടി നിർബന്ധമായും ഹാജരാക്കണം.