മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിനതടവും

0
113

പതിനാലുകാരിയായ മകളെ മൂന്ന് വർഷം ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് ഇരട്ട ജീവപര്യന്തവും 38 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ് സൂരജാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ട് വർഷവും ഒമ്പത് മാസവും അധിക തടവ് അനുഭവിക്കണം. 2020 മുതൽ മൂന്ന് വർഷമായി 42 കാരനായ പിതാവ് കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

ജീവപര്യന്തം തടവിന് മുൻപേ പ്രതി മറ്റ് തടവുശിക്ഷകൾ അനുഭവിക്കണം. ജീവപര്യന്തം തടവ് എന്നാൽ പ്രതിയുടെ ജീവിതാവസാനം വരെയെന്നാണ്. പ്രതി പിഴ അടച്ചാൽ ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. കൂടാതെ ഇരയ്ക്കുള്ള നഷ്ടപരിഹാര പദ്ധതി പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കുന്നതിന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.

കാളികാവ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശശിധരൻപിള്ള, എസ്.ഐ. ടി.പി. മുസ്തഫ, എ.എസ്.ഐ. ചിത്രലേഖ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി.