ആം ആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ സഹായി ബിഭാവ് കുമാറിൻ്റെ അറസ്റ്റിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ബിഭാവ് കോടതിയെ അറിയിച്ചു. അനധികൃത അറസ്റ്റിന് നഷ്ടപരിഹാരം നൽകണമെന്നും ബിഭാവ് ആവശ്യപ്പെട്ടു.
മേയ് 27-ന് ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും കോടതിയെ സമീപിക്കുന്നത്. മുഖ്യമന്ത്രിയുടെ വസതിയിൽവെച്ച് നടന്നുവെന്ന് പറയുന്ന സംഭവങ്ങൾ സ്വാതി കരുതിക്കൂട്ടി ആസൂത്രണം ചെയ്തതാണെന്നായിരുന്നു ബിഭവിന്റെ വാദം. സംഭവം നടന്നുവെന്നു പറയുന്ന ദിവസം അവർ പരാതിനൽകിയില്ല. വനിതാ കമ്മിഷൻ അധ്യക്ഷയായിരുന്ന സ്വാതിക്ക് സ്വന്തം അവകാശങ്ങളെക്കുറിച്ച് നന്നായി അറിയാമായിരുന്നിട്ടും മൂന്നുദിവസം കഴിഞ്ഞാണ് പരാതിനൽകിയതെന്നും മേയ് 27-ന് ബിഭവിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു.
മേയ് 13-ന് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നായിരുന്നു സ്വാതിയുടെ പരാതി. കെജ്‌രിവാളിന്റെ ഡ്രോയിങ് റൂമിലിരുന്നപ്പോള്‍ ബിഭവ് അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്വാതി മലിവാളിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ബിഭവിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമുണ്ടായിരുന്നു.