ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ ‘നരേന്ദ്ര മോദിയും സച്ചിനും’

0
302

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് 3000 അപേക്ഷകളാണ് ബിസിസിഐക്ക് ലഭിച്ചത്. ബിസിസിഐയുടെ വെബ്‌സൈറ്റ് ഈ മാസം ആദ്യം മുതൽ ഇതിനായി ഒരു ഗൂഗിൾ ഷീറ്റ് പങ്കിട്ടിരുന്നു. അപേക്ഷ സമർപ്പിച്ച പലരും ഇതിൻ്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പല പ്രമുഖരുടെയും പേരിൽ നിരവധി അപേക്ഷകൾ ബിസിസിഐക്ക് ലഭിച്ചതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സച്ചിൻ ടെൻഡുൽക്കർ, എം എസ് ധോണി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പം ലോകക്രിക്കറ്റിലെ പ്രമുഖരുടെ പേരുകളിലും അപേക്ഷ ലഭിച്ചിട്ടുണ്ട്.

“കഴിഞ്ഞ വർഷവും ബിസിസിഐക്ക് വ്യാജ പേരുകളില്‍ അപേക്ഷകൾ ലഭിച്ചിരുന്നു. ഇത്തവണയും കഥ സമാനമാണ്. ഷീറ്റിൽ അപേക്ഷകരുടെ പേരുകൾ സൂക്ഷ്മമായി പരിശോധിക്കുന്നത് എളുപ്പമാണ് എന്നതിനാലാണ് ബിസിസിഐക്ക് ഗൂഗിൾ ഫോമിൽ അപേക്ഷകൾ ക്ഷണിക്കേണ്ടി വന്നത്,” ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാൻ അപേക്ഷിക്കേണ്ട അവസാന തീയതി 27 ആയിരുന്നു. നിലവിലെ മുഖ്യ പരിശീലകനായ രാഹുൽ ദ്രാവിഡ് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിനാൽ വീണ്ടും അപേക്ഷിക്കുന്നില്ലെന്ന് അറിയിച്ചിരുന്നു. 2024ലെ ടി20 ലോകകപ്പ് സമാപനത്തോടെ അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കും.

രാഹുലിന് പകരക്കാരനായി ഗൗതം ഗംഭീർ, വിവിഎസ് ലക്ഷ്മൺ, ജസ്റ്റിൻ ലാംഗർ, റിക്കി പോണ്ടിങ്, സ്റ്റീഫൻ ഫ്ലെമിങ് എന്നിവരുടെ പേരുകളാണ് ബിസിസിഐ പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.