കനത്ത മഴയിൽ തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ വീടുകൾക്ക് ഭാഗിക നാശം. 16.56 ഹെക്ടറിലെ കൃഷി നശിച്ചു. വിവിധ കാർഷിക മേഖലകളിലായി 127 കർഷകർ നഷ്ടത്തിലായി. മഴയിൽ 16.36 ഹെക്ടർ വാഴക്കൃഷിയും 0.20 ഹെക്ടറിലെ പച്ചക്കറി കൃഷിയും നശിച്ചു.
ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് കൂടി പ്രവർത്തനം തുടങ്ങി. തിരുവനന്തപുരം താലൂക്കിൽ ഈഞ്ചയ്ക്കൽ യു.പി സ്‌കൂളിൽ തുറന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ രണ്ട് പേരാണുള്ളത്.
ജില്ലയിൽ നിലവിൽ നാല് ക്യാമ്പുകളിലായി 14 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു. പൊഴിയൂർ ഗവൺമെന്റ് യുപിഎസിലെ ക്യാമ്പിൽ നാല് കുടുംബങ്ങളിലെ നാല് പേരും, കോട്ടുകാൽ സെന്റ് ജോസഫ് എൽപിഎസിൽ അഞ്ച് കുടുംബങ്ങളിൽ നിന്നായി 14 പേരും, വലിയ തുറയിലെ ദുരിതാശ്വാസ ക്യാമ്പിൽ നാല് കുടുംബങ്ങളിൽ നിന്നായി 11 പേരുമുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പെയ്ത കനത്ത മഴയിൽ അഞ്ച് വീടുകൾക്ക് ഭാഗീക നാശനഷ്ടമുണ്ടായി.