ഗുണ്ടയുടെ വിരുന്നിൽ പങ്കെടുത്തു; ഡിവൈഎസ്പിക്ക് സസ്പെൻഷൻ

0
106

തമ്മനം ഫൈസലിൻ്റെ വീട്ടിലെ പാർട്ടിയിൽ പങ്കെടുത്തതിന് ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ഡിവൈഎസ്പി എംജി സാബുവിനെ സസ്പെൻഡ് ചെയ്തത്. ആലപ്പുഴ ക്രൈം ഡിറ്റാച്ച്‌മെൻ്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പോലീസുകാരുമാണ് തമ്മനം ഫൈസലിൻ്റെ അങ്കമാലി വീട്ടിൽ പാർട്ടിക്കായി എത്തിയത്. ആലപ്പുഴ എസ്പി സിപിഒയെയും പൊലീസ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തു. മൂന്നാമത്തെ പോലീസുകാരൻ വിജിലൻസിൽ നിന്നാണ്.

ഡിവൈഎസ്‌പി എം ജി സാബു സർവീസിൽ നിന്ന് വിരമിക്കാൻ ബാക്കിയുള്ളത് മൂന്ന് ദിവസം. ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സർവീസിൽ നിന്ന് വിരമിക്കാനിരുന്നത്. ഡിവൈഎസ്പിക്ക് നൽകാവിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നിൽ നിന്ന് അഴിച്ചു മാറ്റി.

അതേസമയം അങ്കമാലിയിൽ ഗുണ്ടയുടെ വിരുന്നിൽ ഡിവൈഎസ്പിയും പൊലീസുകാരും പങ്കെടുത്ത സംഭവം സ്ഥിരീകരിച്ച് എറണാകുളം റൂറൽ എസ്‌പി രംഗത്തെത്തി. വീട്ടിലുണ്ടായിരുന്നത് ഡിവൈഎസ്‌പിയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കും. റിപ്പോർട്ട് നൽകിയെന്ന് എറണാകുളം റൂറൽ എസ്‌പി വൈഭവ് സക്‌സേന പറഞ്ഞു.