കൊച്ചിയിൽ കനത്ത മഴ പെയ്യാൻ കാരണം മേഘവിസ്ഫോടനമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊച്ചി കുസാറ്റ് കാമ്പസിൽ ഒരു മണിക്കൂറിൽ 98.4 മില്ലിമീറ്റർ മഴ പെയ്തു. കുസാറ്റ് മഴമാപിനിയിലാണ് തുക രേഖപ്പെടുത്തിയത്. അതിനിടെ, കനത്ത മഴയിൽ കൊച്ചി നഗരത്തിലെ ഇൻഫോപാർക്ക് ഉൾപ്പെടെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്. ഒപ്പം ഗതാഗതക്കുരുക്കും രൂക്ഷമാണ്.
രാവിലെ 8.30 ഓടുകൂടിയാണ് എറണാകുളം ജില്ലയില്‍ ശക്തമായ മഴ ആരംഭിച്ചത്. നാല് മണിക്കൂറോളം നീണ്ടു നിന്ന മഴയിലാണ് ജില്ലയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായത്. ലീലാവതി ടീച്ചറുടെ തൃക്കാക്കര പൈപ്പ് ലൈനില്‍ റോഡില്‍ ഉള്ള വീട്ടില്‍ വെള്ളം കയറി പുസ്തകങ്ങള്‍ നശിച്ചു.
കളമശ്ശേരിയിലെ പല വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഇന്‍ഫോപാര്‍ക്കിലും വന്‍വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. കളമശ്ശേരി, കാക്കനാട് മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇടപ്പള്ളി അരൂര്‍ ദേശീയ പാതയില്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇടറോഡുകളിലുള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്.
ഫോര്‍ട്ട് കൊച്ചിയില്‍ കെഎസ്ആര്‍ടിസി ബസിന് മുകളില്‍ മരം വീണ് ഒരാള്‍ക്ക് പരിക്കേറ്റു. കണ്ണമാലി സൗദി പള്ളിക്ക് സമീപം വള്ളം മുങ്ങി ഒരാളെ കാണാതായി. മൂന്ന് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അങ്കമാലി ടൗണിലടക്കം വെള്ളം കയറിയ നിലയിലാണ്.