നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കും; മന്ത്രി വീണാ ജോർജ്

0
106

സംസ്ഥാനത്ത് നിപ പ്രതിരോധത്തിനായി പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കി വരികയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വർഷം മുഴുവനും ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ പടരാൻ സാധ്യതയുള്ള മെയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കണം. സാഹചര്യമുണ്ടായാൽ നേരിടുന്നതിന് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളിൽ സെപ്റ്റംബർ മാസം വരെ കാമ്പയിൻ അടിസ്ഥാനത്തിൽ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടത്താനും മന്ത്രി നിർദേശം നൽകി.

കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സ്‌കൂൾ ഹെൽത്തിന്റെ ഭാഗമായി കുട്ടികൾക്കും അവബോധം നൽകും.

നിപ പ്രതിരോധത്തിന് വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും കലണ്ടറിലുണ്ട്. പനി, തലവേദന, അകാരണമായ ശ്വാസംമുട്ടൽ, മസ്തിഷ്‌ക ജ്വരം എന്നിവയുമായി ആശുപത്രികളിലെത്തുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം. കാരണം ഉറപ്പുവരുത്തുന്നതിന് മുമ്പ് മരണമുണ്ടായാൽ റിപ്പോർട്ട് ചെയ്യണം. സ്വകാര്യ ആശുപത്രികളും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണം. രോഗ ലക്ഷണങ്ങളിൽ സംശയമുണ്ടെങ്കിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ റഫർ ചെയ്യണം. ശ്വാസകോശ സംബന്ധമായ കേസുകൾ ഓഡിറ്റ് ചെയ്യണം. മസ്തിഷ്‌ക ജ്വരം (AES) കേസുകളിൽ ഡെത്ത് ഓഡിറ്റ് നടത്തണം. ആശുപത്രി ജിവനക്കാർക്ക് അണുബാധ നിയന്ത്രണം, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ച് വ്യാപകമായി പരിശീലനം നൽകണം.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, നിപ ഏകാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ആരോഗ്യ രംഗത്തെ വിദഗ്ധ ഡോക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.