സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത; 7 ജില്ലകളിൽ യെൽലോ അലർട്ട്

0
103

സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയോര മേഖലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും മുൻ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ തീവ്രത കുറവായിരിക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിൽ നാളെ മഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

ബംഗാൾ ഉൾകടലിലെ തീവ്ര ന്യൂന മർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ റെമാൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ അർധരാത്രിയോടെ ബംഗ്ലാദേശ് -പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിന് സമീപം തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.