നാളെ മുതൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറയാൻ സാധ്യത

0
121

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇന്നും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. നാളെ മുതൽ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം.

തിരുവനന്തപുരം മുതൽ പാലക്കാട് വരെ ഒൻപത് ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.

ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും. കേരള – തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.