ബെംഗളൂരു നിശാ പാർട്ടിയിൽ പങ്കെടുത്ത 86 പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധന ഫലം

0
115

ബെംഗളൂരുവിൽ നടന്ന നിശാ പാർട്ടിയിൽ തെലുങ്ക് നടി ഹേമ ഉൾപ്പെടെ 86 പേർ ലഹരി ഉപയോ​ഗിച്ചതായി കണ്ടെത്തി. ഇലക്‌ട്രോണിക് സിറ്റിയിലെ ജിആർ ഫാം ഹൗസിൽ നടന്ന പാർട്ടിയിൽ 73 പുരുഷന്മാരും 30 സ്ത്രീകളും പങ്കെടുത്തതായി എഫ്ഐആറിൽ പറയുന്നു. ഇതിൽ 59 പുരുഷന്മാരും 27 സ്ത്രീകളും ഉൾപ്പെടെ 86 പേരുടെ പരിശോധന ഫലമാണ് പോസിറ്റീവായത്. സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) ഇവർക്ക് നോട്ടീസ് അയക്കും. ദേശീയ മാധ്യമങ്ങളാണ് പരിശോധനാഫലം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

റേവ് പാർട്ടിക്കിടെ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഫാം ഹൗസില്‍ സി.സി.ബിയുടെ റെയ്ഡ്. എം.ഡി.എം.എ.യും കൊക്കെയ്‌നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ ഇവിടെനിന്ന് പിടിച്ചെടുത്തു. തുടർന്നാണ് പാർട്ടിയിൽ പങ്കെടുത്തവരുടെ രക്ത സാംപിള്‍ പോലീസ് പരിശോധനക്കയച്ചത്. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നുള്ള സിനിമാ നടിമാർ, മോഡലുകൾ, ടെലിവിഷന്‍ താരങ്ങൾ, ഡി.ജെ.കൾ, ടെക്കികൾ, ഐ.ടി. രംഗത്ത് പ്രവര്‍ത്തിക്കുന്നവർ എന്നിവർ ഉൾപ്പെടെ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.

‘ബ്ലഡി മസ്‌കാര’, ‘റാബ്‌സ്’, ‘കയ്വി’ തുടങ്ങിയ ഡി.ജെ.കളാണ് പാര്‍ട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്. ഹൈദരാബാദ് സ്വദേശിയായ വാസു എന്നയാളാണ് ഫാംഹൗസില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ആന്ധ്രാപ്രദേശില്‍നിന്ന് ഇയാള്‍ നേരിട്ടെത്തിയാണ് പാര്‍ട്ടിയുടെ സംഘാടനം ഉള്‍പ്പെടെ ഏകോപിപ്പിച്ചത്.

‘സണ്‍സെറ്റ് ടു സണ്‍റൈസ്’ എന്ന് പേരിട്ട റേവ് പാര്‍ട്ടിക്കായി ഏകദേശം 35 ലക്ഷമായിരുന്നു ചെലവ്. പേര് സൂചിപ്പിക്കുന്ന പോലെ ഞായറാഴ്ച വൈകീട്ട് അഞ്ചുമണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുവരെയായിരുന്നു പാര്‍ട്ടിയുടെ സമയം. അനുവദനീയമായ സമയം കഴിഞ്ഞും പാര്‍ട്ടി തുടരുന്ന വിവരമറിഞ്ഞാണ് സി.സി.ബി. സംഘം സ്ഥലത്തെത്തിയത്. മയക്കുമരുന്ന് കണ്ടെത്താനുള്ള സ്‌നിഫര്‍ നായകളും പോലീസിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ഫാംഹൗസില്‍ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ.യും കൊക്കെയ്‌നും പിടിച്ചെടുത്തത്.

15-ലേറെ ആഡംബര കാറുകളും സ്ഥലത്തുണ്ടായിരുന്നു. ഇതില്‍ ഒരു കാറില്‍നിന്ന് ആന്ധ്രയില്‍നിന്നുള്ള എം.എല്‍.എ.യുടെ പാസ്‌പോര്‍ട്ടും കണ്ടെടുത്തു. എം.എല്‍.എ. കകാനി ഗോവര്‍ധന റെഡ്ഡിയുടെ പേരിലുള്ള പാസ്‌പോര്‍ട്ടാണ് കാറില്‍നിന്ന് കണ്ടെടുത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ബെംഗളൂരൂവിലെ റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ ‘കോണ്‍കോഡി’ന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാര്‍ട്ടി നടന്ന ജി.ആര്‍. ഫാംഹൗസ്. സംഭവത്തില്‍ ഇലക്ട്രോണിക് സിറ്റി പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.