Covaxin ൻ്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള പഠന റിപ്പോർട്ട് തള്ളി ICMR ; പരാമർശം പിൻവലിക്കാൻ നിർദേശം

0
131

കൊവിഡ്-19 വാക്‌സിൻ കൊവാക്‌സിൻ്റെ പാർശ്വഫലങ്ങളെക്കുറിച്ച് ബനാറസ് ഹിന്ദു സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ പുറത്തുവിട്ട പഠന റിപ്പോർട്ട് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) തള്ളി. ഗവേഷകരുടെ പഠനം വസ്തുതാപരമായി തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഐസിഎംആർ പറഞ്ഞു. പഠന റിപ്പോർട്ടിൽ നിന്ന് ഈ പരാമർശം പിൻവലിക്കാനും ഐസിഎംആർ ആവശ്യപ്പെട്ടിട്ടുണ്ട്.

ത്വക്ക് രോഗങ്ങള്‍, നാഡീ സംബന്ധ രോഗങ്ങള്‍, ആര്‍ത്തവ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ വാക്‌സിന്റെ പാര്‍ശ്വഫലമായി ഉണ്ടാകുമെന്നാണ് പഠനത്തില്‍ ഗവേഷകര്‍ അവകാശപ്പെടുന്നത്. ‘Long-Term Safety Analysis of the BBVl52 Coronavirus Vaccine in Adolescents and Adults: Findings from One Year Prospective Study in North India’ എന്ന തലക്കെട്ടില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് മെയ് 13നാണ് പ്രസിദ്ധീകരിച്ചത്.

ഇന്ത്യയില്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിനാണ് കോവാക്‌സിന്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്നാണ് വാക്‌സിന്‍ നിര്‍മ്മിച്ചത്.

ഡോ. ഉപീന്ദര്‍ കൗര്‍, ഡോ. സംഗ ശുഭ്ര ചക്രവര്‍ത്തി, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി പറയുന്നത്. പഠനവുമായി സഹകരിച്ച ഐസിഎംആറിന് നന്ദി പറയുന്നതായും പഠനറിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ തങ്ങള്‍ പഠനവുമായി സഹകരിച്ചിട്ടില്ലെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

‘ഐസിഎംആറിന്റെ പേര് പഠനറിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ പഠനവുമായി സ്ഥാപനത്തിന് യാതൊരു ബന്ധവുമില്ല. പഠനവുമായി യാതൊരു വിധത്തിലും സഹകരിച്ചിട്ടുമില്ല,’’ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ രാജീവ് ബാല്‍ പറഞ്ഞു. അനുമതിയില്ലാതെ ഐസിഎംആറിന്റെ പേര് പഠനത്തില്‍ ഉദ്ദരിച്ച് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ജേര്‍ണല്‍ എഡിറ്റര്‍ക്കും ഐസിഎംആര്‍ കത്തയയച്ചു. റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത് അയച്ചത്. കൂടാതെ പഠനറിപ്പോര്‍ട്ടില്‍ നിന്ന് ഐസിഎംആറിന്റെ പേര് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവേഷകര്‍ക്കും കത്തയച്ചിട്ടുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി.

പഠനത്തില്‍ പിശകുകളുണ്ട്: ഐസിഎംആര്‍

വാക്‌സിനേഷന്‍ സ്വീകരിച്ചവരും വാക്‌സിന്‍ എടുക്കാത്തവരും തമ്മിലുള്ള താരതമ്യ പഠനത്തിന് തെരഞ്ഞെടുത്തവരുടെ എണ്ണത്തില്‍ നിയന്ത്രണമൊന്നുമില്ലായിരുന്നുവെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ പഠനത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പാര്‍ശ്വഫലം സംബന്ധമായ സംഭവങ്ങളെ വാക്‌സിനുമായി കൂട്ടിക്കെട്ടാനാകില്ലെന്നും ഐസിഎംആര്‍ പറഞ്ഞു.
പരസ്യം ചെയ്യൽ

കൂടാതെ പഠനത്തില്‍ പങ്കെടുത്തവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഐസിഎംആര്‍ ചൂണ്ടിക്കാട്ടി. അതായത് തെരഞ്ഞെടുത്ത ഗ്രൂപ്പിന്റെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ പഠനത്തില്‍ പരാമര്‍ശിക്കുന്നില്ല. ഇത് വാക്‌സിനേഷന് ശേഷം അവരിലുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്നത് അസാധ്യമാക്കുന്നു.

കൂടാതെ പഠനത്തിനായി നടത്തിയ വിവരശേഖരണത്തിലും പക്ഷാപാതിത്വമുണ്ടാകാനുള്ള സാധ്യതകളുണ്ടെന്നും ഐസിഎംആര്‍ പറഞ്ഞു.

വാക്‌സിനേഷന്‍ എടുത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് പഠനത്തില്‍ പങ്കെടുത്തവരെ ടെലിഫോണിലൂടെ ബന്ധപ്പെട്ടത്. ശേഷം വ്യക്തമായ പരിശോധനയോ ക്ലിനിക്കല്‍ രേഖകളുടെ പരിശോധനയോ നടത്താതെ അവരുടെ പ്രതികരണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നുവെന്നും ഐസിഎംആര്‍ കുറ്റപ്പെടുത്തി.

അതേസമയം സര്‍വകലാശാലയിലെ ചില ഗവേഷകര്‍ ഉള്‍പ്പെട്ട വിഷയം ഗൗരവമായി പരിഗണിച്ചു വരികയാണെന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.