ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യത; മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

0
96

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ മുന്നറിയിപ്പ് നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിക്കും എലിപ്പനിക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതെ ശ്രദ്ധിക്കുക. കൊതുകിൻ്റെ ഉറവിടങ്ങൾ നശിപ്പിക്കാൻ നടപടി സ്വീകരിക്കണം. റാബിസ് പ്രതിരോധം പ്രധാനമാണ്. ചെളിയിലോ അഴുക്കുവെള്ളത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ കയറരുത്. ഇറങ്ങിയ ശേഷം സോപ്പുപയോഗിച്ച് കൈകാലുകൾ വൃത്തിയായി കഴുകണമെന്നും നിർദേശമുണ്ട്.

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. കെട്ടി നിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളത്തിൽ കുതിർന്ന ഭക്ഷണം ഉപയോഗിക്കരുത്. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ആശുപത്രിയിലെത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ചികിത്സ തേടണം.

ഇതുസംബന്ധിച്ച് ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ പ്രധാന ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യ മന്ത്രി നിർദേശം നൽകി.