കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുടുംബത്തിന് അടിയന്തര ധനസഹായം നൽകും. മരിച്ച മുഹമ്മദ് റിജാസിൻ്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിർദേശിച്ചു. ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടർ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വകുപ്പ് ധനസഹായം നിർദേശിച്ചത്.
അതേസമയം യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കോഴിക്കോട് ഗാന്ധിനഗർ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനിയർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. കേസ് ജൂൺ 25ന് പരിഗണിക്കും. സംഭവത്തിൽ സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയെന്ന് കെഎസ്ഇബി കണ്ടെത്തിയിരുന്നു. തലേ ദിവസം പകൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥരുടെ അടക്കം മൊഴി രേഖപ്പെടുത്തിയ ശേഷം വിശദമായ റിപ്പോർട്ട് വൈദ്യുതി മന്ത്രിക്ക് കൈമാറും.
കെഎസ്ഇബി ഇലക്ട്രിക്കൽ എഞ്ചിനിയർ ആണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിലാണ് സർവീസ് വയറിലും കടയിലെ വയറിങ്ങിലും ചോർച്ചയുണ്ടെന്ന് കണ്ടെത്തിയത്. മഴയത്ത് സർവീസ് വയർ തകര ഷീറ്റിൽ തട്ടിയതോടെ തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാൻ സാധ്യത ഉണ്ട്. കടയുടെ പുറത്ത് ബൾബ് ഉണ്ടായിരുന്നു. ഇതിനായി വലിച്ച വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി എത്തിയെന്നും സംശയം ഉണ്ട്.