വിദേശ രാജ്യങ്ങളിൽ നിന്ന് എഎപിക്ക് 7.08 കോടി രൂപ സംഭാവന ലഭിച്ചതായി ഇഡി

0
137

ചട്ടങ്ങൾ ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് എഎപിക്ക് 7.08 കോടി രൂപ സംഭാവന ലഭിച്ചതായി ഇഡി. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഇഡി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.

2014–2022 കാലയളവിൽ പണമടച്ച പലരുടെയും പാസ്‌പോർട്ട് നമ്പർ, ക്രെഡിറ്റ് കാർഡ് നമ്പർ, മൊബൈൽ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സമാനമാണ്. കാനഡ, അമേരിക്ക, മിഡിൽ ഈസ്റ്റ്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ നിന്നാണ് പണം എത്തിയതെന്നാണ് ഇഡി റിപ്പോർട്ട്.

155 പേർ 404 തവണയായി 1.02 കോടി രൂപ സംഭാവന നൽകിയെന്നും എന്നാൽ സംഭാവനകൾ 55 പാസ്‌പോർട്ടുകളുമായി മാത്രമേ ബന്ധിപ്പിച്ചിട്ടുള്ളുവെന്നുമാണ് റിപ്പോർട്ട്. വിദേശവിനിമയ ചട്ടവും ജനപ്രാതിനിധ്യ നിയമവും എഎപി ലംഘിച്ചെന്നും ഇ ഡി റിപ്പോർട്ടിൽ പറയുന്നു.

2021ൽ വിഷയത്തിൽ അന്വേഷണം ആരംഭിച്ച ഇഡി കഴിഞ്ഞ വർഷം ആഗസ്റ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്‌ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു .

പഞ്ചാബിലെ എഎപി മുൻ എംഎൽഎയും ഇപ്പോൾ കോൺഗ്രസ്‌ നേതാവുമായ സുഖ്പാൽ സിങ്‌ ഖൈറയെ മയക്കുമരുന്ന്‌ കേസിൽ അറസ്‌റ്റ്‌ ചെയ്‌തതിന്‌ പിന്നാലെ കണ്ടെടുത്ത രേഖകളിൽ നിന്നാണ്‌ ഇത്തരം സംഭാവന നൽകിയവരുടെ വിവരം ലഭിച്ചതെന്നാണ്‌ ഇഡിയുടെ അവകാശവാദം.