1979 ഓഗസ്റ്റിൽ മൗണ്ട് ബാറ്റൺ പ്രഭുവിൻ്റെ കൊലപാതകത്തിൻ്റെ സൂത്രധാരൻ താനാണെന്ന അവകാശ വാദവുമായി മുൻ ഐറിഷ് റിപ്പബ്ലിക്കൻ ആർമി കമാൻഡർ മൈക്കൽ ഹെയ്‌സ്. ഡെയ്‌ലി മെയിലിലാണ് അദ്ദേഹം അവകാശവാദവുമായി രംഗത്തെത്തിയത്.
എലിസബത്ത് രാജ്ഞിയുടെ അടുത്ത ബന്ധുവായ മൗണ്ട് ബാറ്റൺ ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി ആയിരുന്നു. 1979 നവംബറിൽ മൗണ്ട് ബാറ്റൺ പ്രഭുവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട തോമസ് മക്മാനസ് യഥാർത്ഥ കൊലപാതകിയല്ലെന്നും ഹെയ്‌സ് അവകാശപ്പെടുന്നു. ഗുഡ് ഫ്രൈഡേ കരാർ പ്രകാരം 19 വർഷത്തെ ജയിൽവാസത്തിന് ശേഷം, ജീവപര്യന്തം തടവ് അനുഭവിച്ച് 1998 ൽ മക്മാൻ ജയിൽ മോചിതനായിരുന്നു.
‘മൗണ്ട് ബാറ്റനെ ലക്ഷ്യംവച്ച് നടത്തിയ സ്ഫോടനത്തിൻ്റെ സൂത്രധാരൻ ഞാനാണ്. അതിനെനിക്ക് ന്യായീകരണമുണ്ടായിരുന്നു, അവന്‍ എന്റെ രാജ്യത്ത് വന്ന് എന്റെ ആളുകളെ കൊന്നൊടുക്കി, ഞാനതിന് തിരിച്ചടിച്ചു. ” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വടക്കന്‍ അയര്‍ലന്‍ഡ് ഇംഗ്ലണ്ടിന്റെ ഭാഗമാകുന്നത് സംബന്ധിച്ച വിഷയത്തിലാണ് ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി മൗണ്ട് ബാറ്റനെ വധിച്ചത്.
മൗണ്ട് ബാറ്റനെ സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയത് ഞാനാണ്. മക്മന്‍ പദ്ധതിയുടെ ഭാഗം മാത്രമായിരുന്നു. ഞാന്‍ സ്‌ഫോടകവസ്തു വിദഗ്ധനാണ്. ലിബിയയിലാണ് സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ പരിശീലനം നേടിയത് -ഹെയ്‌സ് പറഞ്ഞതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ടുചെയ്തു.
വധ ഗൂഢാലോചനയില്‍ ഏഴുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന അനുമാനത്തില്‍ അയര്‍ലന്‍ഡ് പോലീസ് കേസ് ഫയല്‍ അവസാനിപ്പിച്ചിരുന്നില്ലെന്ന് മക്മന്റെ ശിക്ഷാ വിധിയുമായി ബന്ധപ്പെട്ട് 1979-ല്‍ വാഷിഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സ്വകാര്യ ബോട്ടില്‍ കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് മൗണ്ട് ബാറ്റണ്‍ കൊല്ലപ്പെടുന്നത്. ബോട്ടില്‍ ഒളിപ്പിച്ചിരുന്ന ബോംബ് പൊട്ടിയായിരുന്നു മരണം.