അതിജീവിതയെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ നൽകരുതെന്ന് വനിതാ കമ്മിഷൻ

0
94

അതിജീവിതയെ അപമാനിക്കുന്ന വിധത്തിൽ വാർത്തകൾ നൽകുന്നത് അവരുടെ ഭാവിക്കു തന്നെ ദോഷകരമായി ബാധിക്കുന്നതിനാൽ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷൻ അധ്യക്ഷ.

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാർത്തകൾ മാധ്യമങ്ങൾ നൽകരുത്. കേസ് അന്വേഷണത്തെ തന്നെ തടയുന്ന വിധത്തിലാണ് തെറ്റായ വാർത്തകൾ ചിലർ നൽകുന്നത്. ഈ കേസിൽ, പരാതി വന്നതിനു ശേഷം പോലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ചു കൊണ്ട് കടന്നു കളഞ്ഞിട്ടുള്ള ആളുമായി ചാനലുകൾ ഫോണിലൂടെ സംസാരിച്ച് സ്വന്തം രക്ഷയ്ക്കു വേണ്ടി അയാൾ പറയുന്ന കാര്യങ്ങൾ കാണിക്കുന്നത് ഏറെ അപമാനം ഉണ്ടാക്കുന്ന കാര്യമാണ്.

പെൺകുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാർത്തകൾ വരുന്നു. ഗാർഹിക പീഡന കേസുകളിലും ലൈംഗിക പീഡന കേസുകളിലുമൊക്കെ അതിജീവിതകൾക്ക് സംരക്ഷണം നൽകാൻ ലക്ഷ്യമിട്ടുള്ള നിയമമാണ് നമ്മുടെ രാജ്യത്തുള്ളത്. അതിജീവിതയുടെ പേരു പോലും പുറത്തു പറയാൻ പാടില്ലെന്നാണ് നിയമം അനുശാസിക്കുന്നത്. മാധ്യമങ്ങൾ ഇതൊന്നും ശ്രദ്ധിക്കാതെ വളരെ അധിക്ഷേപകരമായി അതിജീവിതയെ അപമാനിക്കുന്ന രൂപത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നതിൽ കർശനമായി ഇടപെടേണ്ടതായിട്ടുണ്ട്.

വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളിൽ കടുത്ത മാനസികവ്യഥകളിലൂടെയാണ് പെൺകുട്ടി കടന്നു പോയത്. അച്ഛനും അമ്മയും ഭർത്തൃഗൃഹത്തിലേക്ക് എത്തിയതു കൊണ്ടുമാത്രമാണ് പെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെടാതിരുന്നത്. ഭർത്താവിന്റെ സുഹൃത്തിന്റെ ഇടപെടലും പരിശോധിക്കപ്പെടണം. ഈ സുഹൃത്തിനെതിരേ കേസ് എടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കേസ് അന്വേഷണം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് പോലീസ് തയാറാകണം. വളരെ ആസൂത്രിതമായ രൂപത്തിലാണ് പെൺകുട്ടിക്കെതിരായ പീഡനം നടന്നിട്ടുള്ളത്. സ്വന്തം വീട്ടുകാരോട് മൊബൈലിൽ സംസാരിക്കുന്നതിനു പോലും പെൺകുട്ടിക്ക് അനുവാദം നൽകിയിരുന്നില്ല എന്നത് ഉൾപ്പെടെ പരിശോധിക്കേണ്ടതായിട്ടുണ്ട്. പെൺകുട്ടിക്ക് കൗൺസിലിംഗ് അനിവാര്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തിൽ ഇതിനാവശ്യമായ സൗകര്യം വനിതാ കമ്മിഷൻ ലഭ്യമാക്കുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

പെൺകുട്ടിയുടെ മാതാപിതാക്കൾ, സഹോദരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാർഡ് മെമ്പർ എന്നിവരുമായും വനിതാ കമ്മിഷൻ അധ്യക്ഷ സംസാരിച്ചു.