ആൾക്കൂട്ട ആക്രമണം; കിർഗിസ്ഥാനിലെ ഇന്ത്യൻ വിദ്യാർത്ഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ്

0
143

കിർഗിസ്താനിലെ ഇന്ത്യക്കാരായ വിദ്യാർഥികളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശിച്ച് ഇന്ത്യൻ കോൺസുലേറ്റ്. വിദേശ വിദ്യാർഥികൾക്കുനേരെ അക്രമം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നിർദേശം. നിരവധി പാകിസ്താനി വിദ്യാർഥികൾക്കെതിരെ ഹോസ്റ്റലുകളിൽ ആക്രമണം ഉണ്ടായതോടെയാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

കോൺസുലേറ്റ് വിദ്യാർഥികളുമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഇപ്പോൾ സ്ഥിതി​ഗതികൾ ശാന്തമാണെന്നും എന്നിരുന്നാലും തത്ക്കാലം വീടിനുള്ളിൽ തന്നെ തുടരണമെന്ന് വിദ്യാർഥികളോട് നിർദേശിച്ചിട്ടുണ്ട് എന്നും ഇന്ത്യൻ കോൺസുലേറ്റ് എക്സിൽ കുറിച്ചു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എംബസിയുമായി ബന്ധപ്പെടണമെന്നും വിദ്യാർത്ഥികൾക്ക് നിർദേശമുണ്ട്.

ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെട്ടുക്കൊണ്ടിരിക്കാൻ വിദ്യാർഥികളോട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും നിർദേശിച്ചു. ആക്രമണത്തിൽ മൂന്ന് പാക് വിദ്യാർഥികൾ കൊല്ലപ്പെട്ടെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ റിപ്പോർട്ടുകളൊന്നും ഇതുവരെ ലഭിച്ചില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിക്കുന്നത്.

മേയ് 13-ന് ​കിർ​ഗിസ്താൻ വിദ്യാർഥികളും ഈജിപ്ഷ്യൻ വിദ്യാർഥികളും തമ്മിലുണ്ടായ അക്രമത്തിന്റെ വീഡിയോ ഓൺലൈനിലൂടെ വ്യാപകമായി പ്രചരിച്ചതാണ് പ്രശ്നം വഷളാകാൻ കാരണമെന്ന് പാക് എംബസി പറഞ്ഞു. ഇന്ത്യ, പാകിസ്താൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ താമസിക്കുന്ന ബിഷ്കെക്കിലെ ഹോസ്റ്റലുകളെയാണ് ജനകൂട്ടം ലക്ഷ്യംവെച്ചത്.

ബിഷ്കെക്കിലെ മെഡിക്കൽ സർവ്വകലാശാലയുടെ ഹോസ്റ്റലുകളും പാകിസ്താൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിലെ വിദ്യാർഥികൾ താമസിക്കുന്ന സ്വകാര്യ വസതികളും ആക്രമിക്കപ്പെട്ടു. ഇന്ത്യ, പാകിസ്താൻ, ബം​ഗ്ലാ​ദേശ് എന്നീ രാജ്യങ്ങളിലെ വിദ്യാർഥികളാണ് ഇവിടെ താമസിക്കുന്നത്. നിരവധി പാക് വിദ്യാർഥികൾക്ക് നിസ്സാര പരിക്കേറ്റതായാണ് വിവരം. പാക് വിദ്യാർഥികൾ മരിച്ചെന്നും ബലാത്സം​ഗത്തിന് ഇരയായെന്നും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.

പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തി. വിദ്യാർഥികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകാൻ പാക് അംബാസിഡർക്ക് നിർദേശം നൽകിയതായി അദ്ദേഹം എക്സിൽ കുറിച്ചു.