സ്വാതി മാലിവാളിനെതിരെ പരാതി നൽകി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ

0
136

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പിഎ വിഭവ് കുമാർ, സ്വാതി മാലിവാളിനെതിരെ പരാതി നൽകി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിഭവ് കുമാർ മർദിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ പരാതി. മുഖ്യമന്ത്രിയുടെ വസതിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചെന്നും സുരക്ഷാ വീഴ്ച ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

പരാതി രേഖാമൂലം വിഭവ് കുമാർ പൊലീസിന് കൈമാറി. അതേസമയം എക്‌സ് അക്കൗണ്ടിലെ പ്രൊഫൈൽ ചിത്രം സ്വാതി മാലിവാൾ മാറ്റി. അരവിന്ദ് കെജ്‌രിവാളിന്റെ ചിത്രമായിരുന്നു പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിരുന്നത്. ഇപ്പോൾ കറുത്ത ചിത്രമാണ് പ്രൊഫൈൽ ചിത്രമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പിഎയിൽ നിന്ന് ക്രൂരമായ മർദ്ദനമേറ്റുവെന്നായിരുന്നു സ്വാതി മാലിവാളിന്റെ പരാതി. വിഭവ് കുമാർ പ്രകോപനമൊന്നുമില്ലാതെ സ്വാതിയെ അധിക്ഷേപിച്ചുവെന്നും മുഖത്ത് 78 തവണ തല്ലിയെന്നും വയറിലും കാലിലുമെല്ലാം ചവിട്ടിയെന്നുമാണ് സ്വാതി പൊലീസിന് നൽകിയ മൊഴി.

വിഭവ് കുമാറിനെതിരായ കേസിൽ എഫ്ഐആറിലുള്ളത് ​ഗുരുതര പരാമർശങ്ങളാണുള്ളത്. നെഞ്ചിലും വയറ്റിലും ഇടുപ്പിലും വിഭവ് കുമാർ ചവിട്ടിയെന്നാണ് എഫ്‌ഐആറിൽ പറയുന്നു. സ്വാതിയെ വിഭവകുമാർ 8 തവണ കരണത്തടിച്ചതായി എഫ്‌ഐആറിൽ. സംഭവത്തിൽ വിഭവ് കുമാറിനെതിരെ കേസെടുത്തിരുന്നു. ഐപിസി 354, 506, 509, 323 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.