ലോക്സഭാ തിരഞ്ഞെടുപ്പിൽ പോണ്ടിച്ചേരി ഉൾപ്പെടെ തമിഴ്‌നാട്ടിൽ 40ൽ 39 സീറ്റുകളും ഇന്ത്യൻ സഖ്യം നേടും. ഡിഎംകെയുടെ ആഭ്യന്തര സർവേയുടെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 32 സീറ്റുകളിൽ വൻ ഭൂരിപക്ഷവും ഏഴ് സീറ്റുകളിൽ ചെറിയ ഭൂരിപക്ഷവും നേടുമെന്ന് സർവേ സൂചിപ്പിക്കുന്നു.
ഏപ്രിൽ 19 ന് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ പാർട്ടി പ്രവർത്തകരെ ഉപയോഗിച്ച് ഡി.എം.കെ ആഭ്യന്തര സര്‍വ്വെ നടത്തിയിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ അതെ ഭൂരിപക്ഷം ഇത്തവണയും പാർട്ടി നേടുമെന്ന് സർവ്വേ പറയുന്നു.
ത്രികോണ മത്സരം നടന്ന തേനി, കോയമ്പത്തൂർ, തിരുനൽവേലി, രാമനാഥപുരം, പൊള്ളാച്ചി, തിരുച്ചിറപ്പള്ളി, കള്ളക്കുറിച്ചി എന്നിവിടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്നും സര്‍വ്വെയിൽ പറയുന്നു. എന്നിരുന്നാലും തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാൻ സാധിക്കില്ലെന്നും സര്‍വ്വെ ഫലം പറയുന്നുണ്ട്. വിജയ സാധ്യത കുറവുള്ള ഒരു മണ്ഡലം ഏതാണെന്ന് വ്യക്തത പാർട്ടി ഇതുവരെ നൽകിയിട്ടില്ല.
അതേസമയം പാർട്ടിനേതാക്കളാരും തന്നെ ഈ ഫലത്തെക്കുറിച്ച് പരസ്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. ഏഴ് ഘട്ടങ്ങളായി നടന്ന തെരഞ്ഞെടുപ്പിൽ ആദ്യഘട്ടമായ ഏപ്രിൽ 19 നായിരുന്നു തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് നടന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ നടക്കുക. തമിഴ്‌നാട്ടിൽ ഇത്തവണ 69 . 72 % വോട്ടിങ് ആണ് നടന്നത്. കഴിഞ്ഞ തവണ ഇത് 72 ശതമാനം ആയിരുന്നു.