സ്ലോവാക്യയുടെ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെക്ക് നേരെ വധശ്രമം

0
209

സ്ലോവാക്യയുടെ ജനപ്രിയ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയെക്ക് നേരെ വധശ്രമം. മന്ത്രിസഭാ യോഗത്തിന് ശേഷം പുറത്തിറങ്ങിയ ഫിക്കോയ്ക്ക് നേരെയാണ് അക്രമി വെടിയുതിർത്തത്. വെടിവയ്പിൽ പരിക്കേറ്റ അദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രധാനമന്ത്രിയ്ക്ക് ഒന്നിലേറെ തവണ വെടിയേറ്റുവെന്നാണ് ചില പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വയറിലും തലയ്ക്കും പരിക്കേറ്റ ഫികോയുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. സ്ലോവാക്യൻ പ്രധാനമന്ത്രിയ്ക്കുനേരെയുണ്ടായ അക്രമത്തെ യൂറോപ്യൻ യൂണിയൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ അപലപിച്ചു.

സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്‍ലാവയിൽ നിന്ന് 150 കിലോമീറ്ററോളം വടക്കുകിഴക്കായി സ്ഥിയ്യുന്ന ഹാൻഡ്‌ലോവ നഗരത്തിൽ വെച്ചാണ് അക്രമമുണ്ടായത്. 59-കാരനായ റോബർട്ട് ഫികോയെ ഹെലികോപ്റ്ററിൽ ബൻസ്‌ക ബൈസ്ട്രിക നഗരത്തിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്.

ഡെപ്യൂട്ടി സ്പീക്കർ ലുബോസ് ബ്‌ലാഹ പാർലമെന്റ് സമ്മേളനത്തിനിടെ അക്രമവാർത്ത സ്ഥിരീകരിച്ചു. പിന്നാലെ പാർലമെന്റ് അനിശ്ചിതകാലത്തേക്ക് നിർത്തിവെയ്ക്കുകയും ചെയ്തു. സ്ലോവാക്യൻ പ്രസിഡന്റ് സുസാന കപുറ്റോവ പ്രധാനമന്ത്രിക്കുനേരെ നടന്ന അക്രമത്തെ അപലപിച്ചു. സ്ലോവാക്യൻ പ്രധാനമന്ത്രിയ്ക്കുനേരെ നടന്ന വധശ്രമത്തിൽ വിവിധ ലോകരാജ്യങ്ങളും ഞെട്ടൽ രേഖപ്പെടുത്തി.