ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി(72) അന്തരിച്ചു

0
153

ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദി(72) അന്തരിച്ചു. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അസുഖത്തെ തുടർന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും പ്രചാരണം നടത്താനും കഴിയില്ലെന്ന് പറഞ്ഞ് സുശീൽ ഏതാനും മാസങ്ങളായി സജീവ പൊതുപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. സുശീൽ കുമാർ മോദിയുടെ മരണവാർത്ത ബിഹാർ ബിജെപി സ്ഥിരീകരിച്ചു.

നിതീഷ് കുമാര്‍ സര്‍ക്കാരിനൊപ്പം ദീര്‍ഘകാലം സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. പട്‌ന യൂണിവേഴ്‌സിറ്റിയിലെ മുന്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എബിവിപിയുടേയും ബിജെപിയുടേയും സംഘടനാതലത്തിലെ ചില നിര്‍ണായക പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥകാലത്തെ പൊതുപ്രവര്‍ത്തനത്തിന്റെ പേരില്‍ 19 മാസത്തോളം സുശീല്‍ കുമാര്‍ മോദി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

സൗമ്യനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയ്ക്കാണ് സുശീല്‍ കുമാര്‍ മോദി അറിയപ്പെടുന്നത്. ജെഡിയു-ബിജെപി സഖ്യത്തെ ഉറപ്പിച്ചുനിര്‍ത്തുന്നതില്‍ സുശീല്‍ കുമാര്‍ മോദി നിര്‍ണായക പങ്കാണ് വഹിച്ചത്. നിതീഷ് കുമാറുമായി അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്. മലയാളിയായ ജെസ്സി ജോര്‍ജാണ് സുശീലിന്റെ ഭാര്യ. കേരളവുമായും വളരെ അടുത്ത ബന്ധമാണ് അദ്ദേഹം പുലര്‍ത്തിയിരുന്നത്.