ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന

0
154

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന വീണ്ടും ഉയർന്നു. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇനിഷ്യേറ്റീവിൻ്റെ (ജിടിആർഐ) റിപ്പോർട്ട് പ്രകാരം 2023-24 കാലയളവിൽ ചൈനയുമായി 118.4 ബില്യൺ യുഎസ് ഡോളറിൻ്റെ ഇറക്കുമതി കയറ്റുമതി വ്യാപാരം നടന്നു. 118.3 ബില്യൺ ഡോളറുമായി അമേരിക്കയാണ് തൊട്ടുപിന്നിൽ. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. റഷ്യ, സൗദി അറേബ്യ, സിംഗപ്പൂർ എന്നിവയാണ് തൊട്ടുപിന്നിൽ.

2021-22, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ യു.എസ് ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽനിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ 8.7 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. ഇരുമ്പ് അയിര്, പരുത്തി നൂൽ, തുണിത്തരങ്ങൾ, കൈത്തറി ഉത്പന്നങ്ങൾ, സു​ഗന്ധവ്യഞ്ജനങ്ങൾ, പഴം പച്ചക്കറികൾ, പ്ലാസ്റ്റിക്, ലിയോലിയം എന്നിവയുടെ കയറ്റുമതിയിലാണ് വലിയ വളർച്ച രേഖപ്പെടുത്തിയത്. ചൈനയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി 3.24 ശതമാനം വർധിച്ച് 101.7 ബില്യൺ യുഎസ് ഡോളറുമായി.

അതേസമയം, 2023- 24 സാമ്പത്തിക വർഷം യുഎസിലേക്കുള്ള കയറ്റുമതി 1.32 ശതമാനം ഇടിഞ്ഞ് 77.5 ബില്യൺ യുഎസ് ഡോളറായി. 2022- 23-ൽ ഇത് 78.54 ആയിരുന്നു. ഇറക്കുമതി 20 ശതമാനം കുറഞ്ഞ് 40.8 ബില്യൺ യുഎസ് ഡോളറിലെത്തിയെന്നും കണക്ക് സൂചിപ്പിക്കുന്നു.

2019 മുതൽ 2024 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ മികച്ച 15 വ്യാപാര പങ്കാളികളുമായുള്ള ഇന്ത്യയുടെ വ്യാപാര ചലനാത്മകത വലിയ പരിവർത്തനങ്ങൾക്ക് വിധേയമായി. വിവിധ മേഖകളിലെ വ്യാപാര കമ്മിയോ മിച്ചമോ ആണ് കയറ്റിറക്കുമതികളിൽ പ്രതിഫലിച്ചത്, റിപ്പോർട്ട് പറയുന്നു.

ഇന്ത്യൻ വാണിജ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2013-14 സാമ്പത്തിക വർഷം മുതൽ 2017- 18 വരെയും 2020- 21 ലും ചൈന ആയിരുന്നു ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി. ചൈനക്ക് മുമ്പ് യുഎഇക്ക് ആയിരുന്നു ഈ സ്ഥാനം.