ബിജെപി നേതാവ് ദേവരാജ ഗൗഡ ലൈംഗികപീഡനക്കേസിൽ അറസ്റ്റിൽ

0
97

ജെഡിഎസ് നേതാവ് പ്രജ്വല് രേവണ്ണയുടെ ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവിട്ട ബിജെപി നേതാവ് ദേവരാജ ഗൗഡ മറ്റൊരു ലൈംഗികപീഡനക്കേസിൽ അറസ്റ്റിൽ. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് ദൃശ്യങ്ങൾ പുറത്തുവന്നതെന്ന് ദേവരാജ ഗൗഡ വെളിപ്പെടുത്തിയിരുന്നു.

നിയമസഹായം തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അഭിഭാഷകൻ കൂടിയായ ദേവരാജ ഗൗഡയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി ചിത്രദുർഗയിൽ വെച്ച് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. പ്രജ്വല് രേവണ്ണയുടെ കേസുമായി അറസ്റ്റിന് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. ദേവരാജ ഗൗഡയുടെ നേതൃത്വത്തിലാണ് പ്രജ്വലിൻ്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് ദേവരാജ ഗൗഡയ്ക്ക് മാത്രമാണ് കൈമാറിയതെന്ന് പ്രജ്വല് രേവണ്ണയുടെ ഡ്രൈവർ കാർത്തിക് വെളിപ്പെടുത്തി. എന്നാൽ ആരോപണം ദേവരാജ ഗൗഡ നിഷേധിച്ചു.

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് ദൃശ്യങ്ങൾ പുറത്തുവന്നത് ഡി.കെ ശിവകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെ തുടർന്നാണെന്നായിരുന്നു ദേവരാജഗൗഡയുടെ ആരോപണം. തുടർന്ന് കേസിലെ ഗൂഢാലോചന കണ്ടെത്താൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ജെഡിഎസ് ശക്തമാക്കി. ഇതിന് പിന്നാലെയാണ് ദേവരാജഗൗഡയെ നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്തത്. ഡി.കെ ശിവകുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കി വിവാദത്തിൽ പ്രതിരോധം തീർക്കാനാണ് ബിജെപിയുടെ നീക്കം.