ഗൂഗിൾ വാലറ്റ് എന്താണ്? ഇന്ത്യയിൽ ഇനി ഗൂഗിൾ പേ ഉണ്ടാവില്ലേ?

0
139

ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ വാലറ്റ് ഇന്ത്യയിൽ എത്തി. ഗൂഗിൾ വാലറ്റിൽ കൊച്ചി മെട്രോ ടിക്കറ്റ് സംവിധാനം കൂടുതൽ ലളിതമാക്കാൻ പോകുന്നു.

എന്താണീ ഗൂഗിൾ വാലറ്റ്?

ഗൂഗിൾ വാലറ്റ് ഒരു ഡിജിറ്റൽ പേഴ്സാണ്. നാം ഉപയോഗിക്കുന്ന ഡിജിറ്റൽ രേഖകൾ ഈ പഴ്സിൽ ഏറെ സുരക്ഷിതമായി സൂക്ഷിക്കാം. എവിടെ പോയാലും പേഴ്സുമായി പോകേണ്ട കാര്യമില്ലെന്ന് ചുരുക്കം.

ഗൂഗിൾ വാലറ്റിലെന്തൊക്കെ സൂക്ഷിക്കാം?
എല്ലാ ഡിജിറ്റൽ രേഖകളും ഒരു ലോക്കറിലെന്ന പോലെ സുരക്ഷിതമായി സൂക്ഷിക്കാനാകും, ടിക്കറ്റ്,കാർഡുകൾ,ഡിജിറ്റൽ കീ ഒക്കെ ഈ പഴ്സിൽ സൂക്ഷിക്കാം.

എന്തൊക്കെയാണ് ഗൂഗിൾ വാലറ്റിന്റെ പ്രയോജനങ്ങൾ?

ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഗൂഗിൾ വാലറ്റിൽ ശേഖരിക്കാനാകും. യഥാർത്ഥ കാർഡ് നമ്പർ ഒരിക്കലും വ്യാപാരിയുമായി പങ്കിടില്ല. ലോയൽറ്റി കാർഡുകളും ഗിഫ്റ്റ് കാർഡുകളും ബോർഡിങ് പാസുകളും ഡിജിറ്റൽ കീകളും ഐഡികളും സിനിമാ ടിക്കറ്റുകളുമൊക്കെ ഗൂഗിൾ വാലറ്റിൽ സൂക്ഷിക്കാം.

എന്തുകൊണ്ട് കൂടുതൽ സുരക്ഷിതം?

ലോഗിൻ ചെയ്യുന്പോൾ സുരക്ഷയ്ക്കായി രണ്ട് ഘട്ട പരിശോധനയുണ്ട്.

ഇനി വാലറ്റുള്ള ഫോൺ എവിടെങ്കിലും വെച്ചാൽ ‘ഫൈൻഡ് മൈ ഡിവൈസ്’ സംവിധാനവുമുണ്ട്.

ഇനി വാലറ്റുള്ള നിങ്ങളുടെ ഫോൺ അങ്ങ് കളഞ്ഞ് പോയാൽ ദൂരെയിരുന്ന് ആ ഉപകരണത്തിൽ നിന്ന് ഡാറ്റ മുഴുവൻ മായിക്കാം. അതാണ് ‘റിമോട്ട് ഡാറ്റ ഡിവൈസ്’ സംവിധാനം. കാർഡിന്റെ വിശദാംശങ്ങളൊക്കെ സൂക്ഷിക്കാൻ പേമെന്റ് കോഡുകളുടെ എൻക്രിപ്ഷൻ സൗകര്യവുമുണ്ട് വാലറ്റിൽ.

ഗൂഗിൾ പേയിൽ നിന്ന് ഗൂഗിൾ വാലറ്റിനുള്ള വ്യത്യാസം?

യുപിഐ അടിസ്ഥാനമായ ഗൂഗിൾ പേയിൽ നിന്ന് വ്യത്യസ്തമായി കോണ്ടാക്ട്ലെസ് പേയ്മെന്റ് മാത്രം ലക്ഷ്യമിട്ടുള്ള ആപ്പ് ആണ് . ഗൂഗിൾ പേയിൽ നാം നമ്മുടെ കോണ്ടാക്ട് ലിസ്റ്റിലുള്ള ആളുകൾക്കല്ലേ പണമയക്കുന്നത്. എന്നാൽ ഗൂഗിൾ വാലറ്റിന് ഫോണിൽ കോണ്ടാക്ട് വേണമെന്നില്ല. നിയർഫീൽഡ് കമ്യൂണിക്കേഷൻ സംവിധാനമുള്ള ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമാണ് വാലറ്റ് പ്രവർത്തിക്കുക.

എവിടെ ആണ് ഗൂഗിൾ വാലറ്റ് ആപ്പ് ലഭ്യമാകുക?

ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. ഗൂഗിളിന്റെ എല്ലാ സ്മാർട്ട് ഫോണുകളും വാലറ്റ് ആപ്പ് ഇൻസ്റ്റാൾ ചെയ്തവയാണ്. പിക്സൽ ഫോൺ അല്ലാത്ത ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യണം. പക്ഷേ ഐ ഫോണിൽ വാലറ്റ് ലഭിക്കില്ല.

ഇന്ത്യയിൽ ഇനി ഗൂഗിൾ പേ ഉണ്ടാവില്ലേ?

ഗൂഗിൾ പേ മറ്റൊരു ആപ്പ് ആയി നിലനിർത്തുമെന്നാണ് നിലവിലെ വിവരം. എന്നാൽ 2022 മുതൽ ഗൂഗിൾ പേയ്ക്ക് പകരം പല രാജ്യങ്ങളിലും ഗൂഗിൾ വാലറ്റാണ് ഉപയോഗിക്കുന്നത്. 2024 ജൂൺ മുതൽ ഇന്ത്യയും സിംഗപ്പൂരും ഒഴികെയുള്ള മിക്ക രാജ്യങ്ങളിലും ഗൂഗിൾ പേ ലഭ്യമാകില്ലെന്ന് ഗൂഗിൾ ബ്ലോഗ് പോസ്റ്റിൽ സൂചന നൽകിയിട്ടുമുണ്ട്.