ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല

0
93

ഹരിയാന നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് അഭ്യർത്ഥിച്ച് ജെജെപി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല ഗവർണർ ബന്ദാരു ദത്താത്രേയക്ക് കത്തയച്ചു. ഏഴ് സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെയാണ് സംസ്ഥാനത്തെ ബി.ജെ.പി. സര്‍ക്കാര്‍ ഭരണം നിലനിര്‍ത്തിയിരുന്നത്. ഇവരിൽ മൂന്നുപേർ പിന്തുണ പിൻവലിച്ചതോടെ നയാബ് സിങ് സൈനിയുടെ സർക്കാരിൻ്റെ നിലനിൽപ്പ് പ്രതിസന്ധിയിലായി.

അടിയന്തരമായി വിശ്വാസ വോട്ടെടുപ്പ് നടത്താനും ഭൂരിപക്ഷം തെളിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നപക്ഷം സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നും ദുഷ്യന്ത് കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. എം.എല്‍.എമാരായ സോംബീര്‍ സാങ്‌വാന്‍, രണ്‍ധീര്‍ സിങ് ഗൊല്ലെന്‍, ധരംപാല്‍ ഗോണ്ടര്‍ എന്നിവരാണ് ബി.ജെ.പി. സര്‍ക്കാരിനുള്ള പിന്‍വലിച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിയത്.

2019-ലെ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ജെ.ജെ.പിയുമായി ചേര്‍ന്നാണ് ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിച്ചത്. അന്നത്തെ മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. 2024 മാര്‍ച്ചിലാണ് ബി.ജെപി.-ജെ.ജെ.പി. സഖ്യംപിരിയുന്നത്. പിന്നാലെ ഘട്ടര്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുകയും നയാബ് സിങ് സൈനി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയുമായിരുന്നു. 90 അംഗ ഹരിയാണ നിയമസഭയില്‍ പത്ത് അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്.