ഇത്തവണ കോൺഗ്രസ് മത്സരിക്കുന്നത് 400ൽ താഴെ സീറ്റുകളിൽ

0
98

രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് ലോക്‌സഭയിൽ 400ൽ താഴെ സീറ്റിൽ മത്സരിക്കുന്നു. 328 മണ്ഡലങ്ങളിൽ കോൺഗ്രസ് ഇത്തവണ സ്ഥാനാർത്ഥികളെ നിർത്തി. കഴിഞ്ഞ തവണത്തേക്കാൾ 93 സീറ്റുകളുടെ കുറവാണിത്. 2019ൽ മത്സരിച്ച 101 സീറ്റുകൾ ഇത്തവണ കോൺഗ്രസ് സഖ്യകക്ഷികൾക്ക് നൽകിയിട്ടുണ്ട്.

കര്‍ണാടക, ഒഡിഷ എന്നിവിടങ്ങളില്‍ കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് ഇത്തവണ മത്സിരിക്കുന്നുണ്ട്. മിസോറാമിലെ ഏക സീറ്റില്‍ കഴിഞ്ഞതവണ സ്വതന്ത്രസ്ഥാനാര്‍ഥിയെ പിന്തുണച്ച കോണ്‍ഗ്രസ്, ഇത്തവണ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തി. കര്‍ണാടകയില്‍ 2019-ല്‍ ജെ.ഡി.എസിനൊപ്പം ചേര്‍ന്ന് 21 സീറ്റുകളിലായിരുന്നു മത്സരിച്ചതെങ്കില്‍, ഇത്തവണ സഖ്യമില്ലാതെ ആകെയുള്ള 28 സീറ്റിലും കോണ്‍ഗ്രസ് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഒഡിഷയില്‍ 18 സീറ്റിലായിരുന്നു കഴിഞ്ഞതവണയെങ്കില്‍, ഇത്തവണ 20 സീറ്റില്‍ മത്സരിക്കുന്നുണ്ട്.

സൂറത്തിലേയും ഇന്ദോറിലേയും പത്രികകള്‍ തള്ളിപ്പോയിരുന്നില്ലെങ്കില്‍ 330 സീറ്റുകളില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളുണ്ടാവുമായിരുന്നു. 2004-ല്‍ 417 സീറ്റിലും 2009-ല്‍ 440 ഇടത്തും 2014-ല്‍ 464 സീറ്റിലും 2019-ല്‍ 421 സീറ്റിലുമായിരുന്നു കോണ്‍ഗ്രസിന് സ്ഥാനാര്‍ഥികളുണ്ടായിരുന്നത്.

ഉത്തര്‍പ്രദേശിലാണ് കഴിഞ്ഞതവണത്തേക്കാള്‍ ഏറ്റവും കുറവ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. കഴിഞ്ഞതവണ സംസ്ഥാനത്തെ 80-ല്‍ 67 സീറ്റിലും മത്സരിച്ച കോണ്‍ഗ്രസിന്, സോണിയാഗാന്ധിയുടെ റായ്ബറേലിയില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇത്തവണ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് 17 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 2019-ല്‍ 40 സീറ്റില്‍ മത്സരിച്ച പശ്ചിമബംഗാളില്‍, സഭാകക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയടക്കം രണ്ടുപേര്‍ മാത്രമാണ് വിജയിച്ചത്. 42 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇടതുപാര്‍ട്ടികളുമായി ചേര്‍ന്ന് ഇത്തവണ സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നത് 14 സീറ്റുകളില്‍ മാത്രമാണ്.

കഴിഞ്ഞലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ എന്‍.സി.പിക്കൊപ്പം ചേര്‍ന്നായിരുന്നു കോണ്‍ഗ്രസ് മത്സരിച്ചത്. ഇത്തവണ ഉദ്ധവ് താക്കറെയുടെ ശിവസേനയും സഖ്യത്തിന്‍റെ ഭാഗമായതോടെ 17 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കഴിഞ്ഞതവണ 25 ഇടത്ത് ജനവിധി തേടിയിരുന്നു. പ്രധാനശക്തിയായിട്ടുപോലും ഒമ്പത് സംസ്ഥാനങ്ങളില്‍ രണ്ടോ മൂന്നോ സീറ്റ് ഇന്ത്യ സഖ്യകക്ഷികൾക്കായി കോണ്‍ഗ്രസ് മാറ്റിവെച്ചിട്ടുണ്ട്. ആം ആദ്മി പാര്‍ട്ടി അധികാരത്തിലുള്ള ഡല്‍ഹിയില്‍ ഏഴില്‍ മൂന്നിടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഏഴ് സീറ്റിലും ഒറ്റയ്ക്ക് മത്സരിച്ചിരുന്നു.

ഹരിയാണയില്‍ ഒരു സീറ്റും ഗുജറാത്തിലെ രണ്ടു സീറ്റും ആം ആദ്മി പാര്‍ട്ടിക്ക് നല്‍കി. ആന്ധ്രാപ്രദേശിലെ രണ്ടുസീറ്റുകള്‍ സി.പി.എമ്മിനും സി.പി.ഐക്കുമായി മാറ്റിവെച്ചു. അസമില്‍ ഒരുസീറ്റില്‍ എ.ജെ.പിയാണ് മത്സരിക്കുന്നത്. മധ്യപ്രദേശിലെ ഖജുരാഹോ സമാജ്‌വാദി പാര്‍ട്ടിക്കുവേണ്ടി നീക്കിവെച്ചതായിരുന്നെങ്കിലും, അവരുടെ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയതിനെത്തുടര്‍ന്ന് ഫോര്‍വേഡ് ബ്ലോക്കിന്റെ സ്ഥാനാര്‍ഥിയെയാണ് പിന്തുണയ്ക്കുന്നത്. രാജസ്ഥാനില്‍ മൂന്ന് സീറ്റുകളില്‍ സഖ്യകക്ഷികള്‍ ജനവിധി തേടും.