എയർ ഇന്ത്യ എക്‌സ്പ്രസ് തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാർ

0
104

എയർ ഇന്ത്യ എക്‌സ്പ്രസ് തുടർച്ചയായ രണ്ടാം ദിവസവും സർവീസുകൾ റദ്ദാക്കി. പുലർച്ചെ 1.10ന് തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്കുള്ള വിമാനവും കണ്ണൂരിൽ നിന്ന് മസ്‌കറ്റിലേക്കുള്ള അതിരാവിലെയുള്ള വിമാനവും കണ്ണൂരിൽ നിന്ന് ദമാമിലേക്കുള്ള വിമാനവും റദ്ദാക്കി. ഇതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.

തിരുവനന്തപുരത്ത് നിന്ന് രാത്രി 10.10 ന് ദമാമിലേക്ക് പോകേണ്ട വിമാനവും റദ്ദാക്കിയിരുന്നു. വിമാനത്താവളത്തിലേക്ക് വരുന്നതിന് മുൻപ് യാത്രക്കാര്‍ വിമാനമുണ്ടോയെന്ന് വിളിച്ച് ചോദിക്കണമെന്ന് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് മാനേജ്മെൻ്റ് അറിയിച്ചു.

വരും ദിവസങ്ങളിലും എയർ ഇന്ത്യ സർവീസുകൾ തടസ്സപ്പെട്ടേക്കും. കമ്പനി സിഇഒ അലോക് സിംഗ് ജീവനക്കാർക്ക് ഇമെയിൽ അയച്ചു. നിയന്ത്രിത ഷെഡ്യൂൾ ഏർപ്പെടുത്താൻ കമ്പനി നിർബന്ധിതമായെന്ന് അലോക് സിംഗ് അറിയിച്ചു. വരും ദിവസങ്ങളിലെ പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലാണ്.ജീവനക്കാരുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്നും അലോക് സിംഗ് വ്യക്തമാക്കി.

രാജ്യത്താകെ വിമാനയാത്രക്കാരെ വലച്ചത് എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ കൂട്ട അവധിയാണ്. ഇന്നലെ രാത്രി മുതലാണ് വിമാനങ്ങൾ റദ്ദ് ചെയ്തു തുടങ്ങിയത്. കണ്ണൂരും കരിപ്പൂരും യാത്രക്കാർ ബഹളം വച്ചു. തിരുവനന്തപുരത്തും പ്രതിഷേധം ഉണ്ടായി. വിമാനത്താവളങ്ങളിൽ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. യാത്ര തുടരാൻ കഴിയാതെ പോയവർക്ക് ടിക്കറ്റ് തുക തിരിച്ചു നൽകുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്.